ശ്രീനഗര്‍: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബിദ് ഹുസൈന്‍, അമിര്‍ അഹമ്മദ് എന്നിവരാണവര്‍. സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റതായും സൂചനയുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു.