കെ സുധാകരനെ നീക്കണം; ഏഴ് എംപിമാർ ഹൈക്കമാൻഡിന് മുന്നിൽ

ഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിൽ സമ്മർദ്ദം. സംസ്ഥാനത്തെ ഏഴ് എംപിമാരാണ് സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എംപിമാർ സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു.

എം കെ രാഘവൻ, കെ മുരളീധരൻ, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സുധാകരന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡിനെ സമീപിച്ചതെന്ന് ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കാണാൻ കെ സി വേണുഗോപാൽ എംപിമാരോട് നിർദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച കോൺഗ്രസ് പാർലമെന്ററി കമ്മിറ്റി യോ​ഗ ഹാളിൽ വെച്ച് എംപിമാർ താരിഖ് അൻവറിനെ കണ്ട് ആവശ്യം ഉന്നയിച്ചു.

എംപിമാർ ഒറ്റയ്‌ക്കൊറ്റയ്ക്ക് ആണ് താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തങ്ങളോട് കൂടിയാലോചനകളൊന്നും നടത്തുന്നില്ല. സംഘടനാ പുനഃസംഘടന നടത്തുന്നതിൽ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളും എംപിമാർ ഉന്നയിച്ചു.

സംഘടനാ തലത്തിൽ പുനഃസംഘടന നീണ്ടുപോകുന്നത് മൂലം താഴേത്തട്ടിൽ പ്രവർത്തനം മന്ദീഭവിച്ചു. പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, സംഘടനാ പുനഃസംഘടന നീണ്ടുപോകുന്നത് താഴേത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിന്റെ തിരിച്ചടി കിട്ടിയതാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

ബജറ്റ് സമ്മേളനത്തിനിടെ, കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ വാട്‌സ്ആപ്പ് സന്ദേശം വ്യാഴാഴ്ച ലഭിച്ചതാണ് എംപിമാരെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച തിരുവനന്തപുരത്ത് കെ സി വേണുഗോപാലും ഭാരത് ജോഡാ യാത്രയിൽ സംസ്ഥാനത്തു നിന്നും പങ്കെടുത്ത 19 പദയാത്രികരെയും അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കണെമന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം.

അവസാന നിമിഷം ലഭിച്ച സന്ദേശമാണ് എംപിമാരെ ചൊടിപ്പിച്ചത്. ഇവർ കെ സി വേണുഗോപാലിനെ കണ്ട് അതൃപ്തി അറിയിക്കുകയായിരുന്നു. കാര്യങ്ങൾ യഥാസമയം അറിയിക്കുന്നില്ലെന്നും, എംപിമാരെ ഇരുട്ടത്ത് നിർത്തുന്ന സമീപനമാണ് കെപിസിസി നേതൃത്വം കൈക്കൊള്ളുന്നതെന്നും ഇവർ പരാതിപ്പെട്ടു.

എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, വി കെ ശ്രീകണ്ഠൻ എന്നിവരും പ്രത്യേകം പ്രത്യേകം താരിഖ് അൻവറിനെ കണ്ട് സുധാകരന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. രാജ്‌മോഹൻ ഉണ്ണിത്താൻ ഫോൺ വഴിയും താരിഖ് അൻവറുമായി ബന്ധപ്പെട്ടു.

എന്നാൽ കെ സുധാകരനെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു എന്ന റിപ്പോർട്ട് തരൂർ പിന്നീട് നിഷേധിച്ചു. ഒരു വിഭാഗം എംപിമാർ താരിഖ് അൻവറിനെ കണ്ടുവെന്ന കാര്യം തനിക്ക് അറിയില്ല. തനിക്ക് അതിനോട് യോജിപ്പില്ലെന്നും തരൂർ പറഞ്ഞു.

അതേസമയം എ കെ ആന്റണി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ പിന്തുണയുള്ളതിനാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിൽ ഒരു പ്രശ്‌നവുമില്ലെന്നാണ് കെ സുധാകരൻ ക്യാംപ് പറയുന്നത്.

Top