പൊലീസുകാര്‍ക്കു നേരെ തീവ്രവാദികളുടെ ഭീഷണി : എട്ട് പൊലീസുകാര്‍ രാജിവച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ സ്‌പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെ എട്ട് പൊലീസുകാര്‍ രാജിവച്ചു. പൊലീസുകാര്‍ക്കു നേരെ തീവ്രവാദികളുടെ ഭീഷണി ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി. എട്ട് പേരില്‍ നാല് പൊലീസുകാര്‍ രാജിവയ്ക്കുന്നതായി അറിയിച്ചുകൊണ്ട് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

താന്‍ കശ്മീര്‍ പൊലീസില്‍ സ്‌പെഷല്‍ ഓഫീസറായാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് സെപ്റ്റംബര്‍ 20 മുതല്‍ പോലീസുമായി യാതൊരു ബന്ധവുമില്ലെന്ന് രാജിവച്ച നവാസ് അഹമ്മദ് പറഞ്ഞു. ചൊവ്വാഴ്ച ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവയ്ക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്നതായിരുന്നു ഭീഷണി.

ഷോപിയാനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. പൊലീസുകാരില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടുപോവുകയായിരുന്നു.

Top