ബെയ്‌ജിംഗ്: ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാധ്യാപകനായ ഏഴ് വയസ്സുകാരൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. ചൈനയിലെ അംഗീകൃത യോഗ അധ്യാപകനാണ് സൺ ച്യാവാംഗ് എന്ന മൈക്ക്. ഇതുവഴി മൈക്ക് നേടുന്നത് ഏകദേശം 15,000 ഡോളറാണ്.
പുരാതന ഭാരതീയ യോഗയാണ് മൈക്ക് പഠിപ്പിക്കുന്നതെന്നും, യോഗാധ്യാപകൻ എന്ന നിലയിൽ 100000 ത്തിലധികം യുവാൻ സമ്പാദിക്കുന്ന മൈക്കാണ് ഈ പ്രായത്തിൽ ഇത്രയുമധികം പണം സമ്പാദിക്കുന്ന ഏക വ്യക്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള മൈക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ്യ അധ്യാപകനാണ്. അമ്മയാണ് മൈക്കിനെ യോഗ പഠിപ്പിച്ചത്.
മൈക്ക് രണ്ട് വയസുള്ളപ്പോഴാണ് യോഗ പഠിക്കാൻ തുടങ്ങിയതെന്നും അവനിൽ ചെറുതായി ഓട്ടിസത്തിന്റെ സൂചനകൾ ഉണ്ടായിരുന്നുവെന്നും അത് മറികടക്കാനാണ് യോഗ പഠിക്കാൻ തുടങ്ങിയതെന്നും മൈക്കിന്റെ അമ്മ വ്യക്തമാക്കി.
തുടർന്ന് ഒരു വർഷത്തിനുള്ളിൽ മൈക്ക് യോഗയിൽ കൂടുതൽ മികവ് കാണിക്കുകയും അവനിൽ കണ്ടെത്തിയ ഓട്ടിസത്തിന്റെ സൂചനകളെ അവൻ മറികടക്കുകയും ചെയ്തുവെന്നും അമ്മ കൂട്ടിച്ചേർത്തു.
യോഗ ഓട്ടിസം ഉള്ള കുട്ടികളെ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികളിലെ ആശയവിനിമയത്തിനും സാമൂഹ്യ കഴിവുകളെ സ്വാധീനിക്കാനും യോഗയ്ക്ക് കഴിയുമെന്നും ഈ സാഹചര്യത്തിൽ കുട്ടികൾക്ക് പ്രത്യേക കഴിവുകൾ ഉണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
അമ്മ പറയുന്നത് വ്യക്തമായും , അനുസരണയോടും മൈക്ക് അനുസരിക്കുമായിരുന്നുവെന്നും അധികം സംസാരിക്കാത്ത മൈക്ക് ആറാമത്തെ വയസിൽ അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകളും യോഗയിലെ പ്രാവീണ്യവും കൊണ്ട് പ്രശസ്തനായി മാറിയെന്നും മാധ്യമങ്ങൾ പറയുന്നു.
2000 ത്തിന്റെ ആരംഭം മുതൽ ചൈന യോഗയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആത്മീയതയേക്കാൾ കൂടുതൽ ഒരു ഫിറ്റ്നസ് മാർഗമായാണ് ചൈനയിൽ യോഗയെ ആളുകൾ കണക്കാക്കുന്നത്. ചൈനയിൽ 10,800 രജിസ്റ്റേർഡ് യോഗ കേന്ദ്രങ്ങൾ ഉണ്ട് .
ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ നടത്തിയ നീക്കത്തെ ചൈന പിന്തുണച്ചിരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തിലെ നൂറുകണക്കിന് യോഗ ക്ലബ്ബുകളിലേക്കും സംഘടനകളിലേക്കും യോഗയുടെ പ്രാധാന്യം എത്തിക്കുകയും അതിൽ പരിശീലനം നടത്തുകയുമാണ് ഇപ്പോൾ ചൈനക്കാർ.
റിപ്പോർട്ട് :രേഷ്മ പി.എം