യാങ്കൂണ്‍: വടക്കന്‍ മ്യാന്‍മറിലെ രത്‌ന ഖനിയില്‍ മണ്ണിടിഞ്ഞ് വീണ് 70 പേര്‍ മരിച്ചു. 100ല്‍ അധികം പേരെ കാണാതായി. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഖനിയുമായി ബന്ധപ്പെട്ട് മാലിന്യം നീക്കല്‍, അരിക്കല്‍ ജോലികള്‍ ചെയ്തിരുന്ന ഗ്രാമീണരാണ് മരണമടഞ്ഞത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന മേഖലയിലെ റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ചൈനീസ് അതിര്‍ത്തിക്കടുത്ത മേഖലയായ ഇവിടം രത്‌ന ഖനനത്തിന്റെ കേന്ദ്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള ജേഡ് കല്ലുകള്‍ ലഭിക്കുന്ന ഖനികളാണ് ഇവിടെയുള്ളത്. കോടിക്കണക്കിന് ഡോളറിന്റെ ബിസിനസാണ് വര്‍ഷം തോറും ഇവിടെ നടക്കുന്നത്.
ഇവിടെ നിന്നും കിട്ടുന്ന പണം സൈനികഭരണ കുടുംബങ്ങളുടെ സ്വത്തിലേക്കാണ് പോകുന്നത്. മൂന്‍ സൈനിക ജനറല്‍മാരുടെ പേരിലാണ് ഇവിടുത്തെ മിക്ക കമ്പനികളും. ജീവന്‍ പോലും അവഗണിച്ചാണ് ജോലിക്കാര്‍ വലിയ രത്‌നങ്ങള്‍ കുഴിച്ചെടുക്കുന്നത്.