national game- kerala

തിരുവനന്തപുരം: കേരളത്തില്‍ വച്ചു നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ ഗെയിംസിനായി വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗെയിംസിന്റെ ഭാഗമായുള്ള ടെന്‍ണ്ടര്‍ നടപടികളും കരാറുകളും പരിശോധിച്ച സി.എ.ജി കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനകളും നടത്തിയിരുന്നു. നടപ്പാക്കിയ കരാറുകളില്‍ ഏതൊക്കെ കരാറിലാണ് വീഴ്ച സംഭവിച്ചത് എത്ര രൂപ നഷ്ടമായി എന്നീ കാര്യങ്ങളും സിഎജി പരിശോധിച്ചു.

വേദികളിലേക്കായി നാന്നൂറോളം എസികള്‍ വാടകയ്ക്ക് എടുക്കുകയും, നൂറുകണക്കിന് എസികള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ ഗെയിംസ് കഴിഞ്ഞ ശേഷം വാങ്ങിയ എസികള്‍ കാണാതായി. എസികള്‍ വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുത്തിരുന്നുവെങ്കില്‍ കോടികള്‍ ലാഭിക്കാമായിരുന്നു എന്നാണ് ഇപ്പോള്‍ സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.

വാങ്ങിയ എ.സികളില്‍ ചിലത് ദേശീയ ഗെയിംസിന് വേദിയല്ലാത്ത സ്‌റ്റേഡിയങ്ങളിലും ഫിറ്റ് ചെയ്തു. അഞ്ഞൂറോളം വാഹനങ്ങള്‍ ഗെയിംസിനായി വാടകയ്ക്ക് എടുത്തു ഓടിച്ചിരുന്നുവെങ്കിലും ഇവ എങ്ങോട്ടെല്ലാം ഓടി, ആരൊക്കെ ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. വാഹനങ്ങളുടെ സഞ്ചാരപഥം അറിയാനായി പണം മുടക്കി ജി.പി.എസ് സംവിധാനം ഏര്‍പ്പാടാക്കിയെങ്കിലും അത് ഉപയോഗിച്ചിട്ടില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Top