liquor ban- omman chandy in thrissur

തൃശൂര്‍: എല്‍.ഡി.എഫിന് മദ്യനയമില്ലെന്നും അവര്‍ പറയുന്ന മദ്യവര്‍ജനം സാരോപദേശമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘മദ്യം വിഷമാണെന്നും ഉപയോഗിക്കരുതെന്നും നല്‍കുന്ന സരോപദേശത്തെയാണ് മദ്യനയമെന്ന രീതിയില്‍ എല്‍.ഡി.എഫ് പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞപ്പോള്‍ വി.എസ് അച്യൂതാനന്ദന് അതിനെ അനുകൂലിക്കേണ്ടി വന്നു. എന്നിട്ടും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മദ്യവര്‍ജനം ആവര്‍ത്തിക്കുകയാണ്.

മദ്യനയത്തില്‍ യു.ഡി.എഫിന്റെ തന്റേടം എല്‍.ഡി.എഫിനില്ല. യു.ഡി.എഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചയാള്‍ ഇപ്പോള്‍ ചവറയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാണ്. മദ്യവുമായി ബന്ധപ്പെട്ട എന്തെല്ലാമോ ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നുവെന്നാണ് ഇതിനര്‍ഥം. സംസ്ഥാനത്ത് മദ്യവില്‍പനയില്‍ 26 ശതമാനം കുറവ് വന്നു. 7300 കോടിയുടെ വില്‍പനയാണ് കുറഞ്ഞത്. അത്രയും തുക കുടുംബങ്ങളിലേക്ക് പോയി എന്നാണ് ഇതിനര്‍ഥം’.

യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലും പരിപൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നതെന്നും തൃശൂര്‍ പ്രസ്‌ക്ലബിന്റെ ‘പോരിന്റെ പൂരം’ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top