അസമില്‍ തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ടു

dead-body

ദിസ്പുര്‍: അസമില്‍ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് തേയിലത്തോട്ടം തൊഴിലാളികള്‍ ഡോക്ടറെ മര്‍ദ്ദിച്ചു കൊന്നു.ഡോ. ദേബന്‍ ഗുപ്ത (73) ആണ് മരിച്ചത്. സംഭവത്തില്‍ 19 പേരെ പോലീസ് അറസ്റ്റുചെയ്തു.സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന സമയത്താണ് സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. തിരികെ ആശുപത്രിയിലെത്തിയ ഡോക്ടറെ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസും സി.ആര്‍.പി.എഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പിന്നീട് ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തുനിന്ന് എത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് അമാല്‍ഗമേറ്റഡ് പ്ലാന്റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.

Top