paravoor fire accident-cpm

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഇരയായവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നയാപൈസ നല്‍കിയില്ലെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനും എ. സമ്പത്ത് എം.പിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സഹായധനം അടിയന്തരമായി വിതരണം ചെയ്യണം. നിഷ്‌ക്രിയമായ സര്‍ക്കാര്‍ സംവിധാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. അവരുടെ അവസ്ഥ ദയനീയമാണ്. മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരുടെ കൂട്ടിരിപ്പുകാരും മറ്റും ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം മുഴുവന്‍ ആവശ്യപ്പെടുമ്പോഴും ഈ മാസം 20ന് മാത്രമാണ് ഇതുസംബന്ധിച്ച് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തെഴുതുന്നത്. എന്നാല്‍ ഈ കത്തിന്റെ പകര്‍പ്പ് ഇമെയിലായിപ്പോലും കേരളത്തിലെ ഒറ്റ എം.പിക്കും നല്‍കിയിട്ടില്ല. കത്തിന്റെ പകര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ്‌സമ്മേളനത്തില്‍ എംപിമാര്‍ക്ക് ഉന്നയിക്കാമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ എം.പിമാരുടെ യോഗം പോലും വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. താനേതായാലും പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സമ്പത്ത് പറഞ്ഞു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ട് പോലുമില്ല. സര്‍ക്കാര്‍ തിട്ടപ്പെടുത്തിയ കണക്കനുസരിച്ച് മരിച്ച 108 പേരില്‍ 30ശതമാനത്തിലധികം തലസ്ഥാന ജില്ലക്കാരാണ്. പല വീടുകളുടെയും അത്താണിയെ ആണ് നഷ്ടപ്പെട്ടത്. സ്‌കൂളുകള്‍ തുറക്കാറായ വേളയില്‍ ഈ വീടുകളിലെ കുട്ടികള്‍ എങ്ങനെ സ്‌കൂളുകളില്‍ പോകുമെന്ന് പോലും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ ധനസഹായം അപര്യാപ്തമായതിനാല്‍ അത് വര്‍ദ്ധിപ്പിക്കണം. കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതുപോലെ പരവൂര്‍ ദുരന്തത്തില്‍പെട്ടവരുടെയും കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

Top