pak secretary isas ahmedabad

ന്യൂഡല്‍ഹി: കാശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യമെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി. ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് റേഡിയോ പാകിസ്ഥാനിലാണ് ചൗധരി ഇക്കാര്യം പറഞ്ഞത്.

ഇന്ന് തലസ്ഥാനത്ത് നടക്കുന്ന ഹാര്‍ട്ട് ഒഫ് ഏഷ്യ ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ചൗധരി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തും. ഈ വര്‍ഷം ജനുവരി 2നു നടന്ന പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തില്‍ ഇന്ത്യ പാക് ആസ്ഥാനമായ ഭീകരസംഘടന ജെയ്ഷ്- ഈ – മുഹമ്മദിനെതിരെ കുറ്റാരോപണം നടത്തിയിരുന്നു.

ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.

ചര്‍ച്ചയില്‍ പത്താന്‍കോട്ട് അന്വേഷണവും ഉള്‍പ്പെടുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പത്താന്‍ കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ പാക് സന്ദര്‍ശനവും ചര്‍ച്ച ചെയ്യും.

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അന്വേഷണം പൂര്‍ത്തീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാന്‍ സന്ദര്‍ശനം നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.

സന്ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്നും എന്‍.ഐ.എ മേധാവി ശരത് കുമാര്‍ വ്യക്തമാക്കി. യുദ്ധകെടുതി നേരിടുന്ന അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനും പുനര്‍നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന 14 രാജ്യങ്ങളുടെ സംഘമാണ് ഹാര്‍ട്ട് ഒഫ് ഏഷ്യ. അഫ്ദാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സത്യസന്ധമായ ശ്രമങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ചൗധരി വ്യക്തമാക്കി.

Top