പാലക്കാട്: സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂട് പാലക്കാട് രേഖപ്പെടുത്തി. മലമ്പുഴയിലാണ് 41.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണിത്. 2010 ല്‍ 41.5 ഡിഗ്രിവരെ എത്തിയിരുന്നു.
അതേസമയം, കണ്ണൂരും കോഴിക്കോടും ഈ വേനലില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. കൊടും ചൂടില്‍ വടക്കന്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍, വേനല്‍ മഴയിലും വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. കാസര്‍കോട് 99% മഴകുറഞ്ഞു, കണ്ണൂരും മലപ്പുറവും പാലക്കാടും കൊടും വരള്‍ച്ച നേരിടുകയാണ്.
കണ്ണൂരിലും കോഴിക്കോടും ഈ വേനല്‍കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 39.1 ഡിഗ്രി സെല്‍ഷ്യസ്. ഇത് ഈ നഗരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്. കണ്ണൂരിലും കോഴിക്കോടും ഇതിനു മുന്‍പ് ഉണ്ടായ ഏറ്റവും കൂടിയ ചൂട് 37, 38 ഡിഗ്രി സെല്‍ഷ്യസാണ്.
സംസ്ഥാനത്ത് വേനല്‍ മഴ 56% കുറഞ്ഞു. ഈകാലയളവില്‍ 118 മില്ലീമീറ്റര്‍ മഴകിട്ടേണ്ടതാണ്. പക്ഷേ, ആകെ പെയ്തത് 52 മില്ലീമീറ്റര്‍ മാത്രം. മഴയുടെ കുറവ് ഏറ്റവും രൂക്ഷം വടക്കന്‍ ജില്ലകളിലാണ്. കാസര്‍കോട് 99 ശതമാനമാണ് മഴയുടെ കുറവ്. കണ്ണൂരില്‍ 96, മലപ്പുറത്തും പാലക്കാടും 92 ശതമാനം വീതവും മഴകുറഞ്ഞു.
പസഫിക്ക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണജല പ്രവാഹമായ എല്‍ നിനോ ശക്തമായി തുടരുന്നതും ഈര്‍പ്പമില്ലാത്ത വരണ്ടകാറ്റ് വീശുന്നതുമാണ് വേനലിന്റെ കാഠിന്യം കൂട്ടുന്നത്. എങ്കിലും മേയ്മാസത്തിലെങ്കിലും കുറച്ചുകൂടി മഴലഭിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.