ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധഭാഗങ്ങളിലായി മഴക്കെടുതിയില്‍ 74 ഓളം പേര്‍ മരിച്ചു. തോരാത്ത മഴയും ഇടിമിന്നലും 2162 ഗ്രാമങ്ങളിലെ 27.5 ലക്ഷം ആളുകളെ ബാധിച്ചു. അസമിലും ബിഹാറിലുമാണ് മരണനിരക്ക് ഏറെയും. അതിനിടെ ബിഹാറില്‍ ദുരന്തപ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തിയ അഞ്ച് എഞ്ചിനീയര്‍മാരെ ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്തു.
അസമില്‍ ഇതുവരെ 29 പേരാണ് മരിച്ചത്. വീട് നഷ്ടമായ ഒന്നര ലക്ഷത്തോളം ആളുകള്‍ 310 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. അടുത്ത 24 മണിക്കൂര്‍ കനത്തമഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. ദുരിതബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തിയിരുന്നു.
അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ഇരുനൂറോളം മൃഗങ്ങള്‍ പ്രളയത്തില്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്. വനത്തിന്റെ 430 ചതുരശ്ര കിലോമീറ്റര്‍ ഭാഗവും വെള്ളത്തിനടിയിലാണ്.
ബിഹാറില്‍ മരണം 26 ആയി. 415 ദുരിതാശ്വാസ ക്യാംപുകളിലായി മൂന്നുലക്ഷത്തോളം ആളുകള്‍ കഴിയുന്നുണ്ട്. മൂന്നരലക്ഷം ഹെക്ടര്‍ കൃഷിയുടെ നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ യു.പി.യിലെ ഗംഗയുള്‍പ്പെടെയുള്ള പ്രധാന നദികളെല്ലാം അപകടകരമാം വിധം കരകവിഞ്ഞ് ഒഴുകുകയാണ്.
കനത്തമഴയെ തുടര്‍ന്ന് ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാനനഗരങ്ങളിലെ ജനജീവിതവും താറുമാറായിരിക്കുകയാണ്.