ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മികച്ച തുടക്കമാണ് ഹ്യുണ്ടായിയുടെ വാഹനനിരയില്‍ ഏറ്റവും ഒടുവിലെത്തിയ എക്സ്റ്ററിന് ലഭിച്ചിരിക്കുന്നത്. വില പ്രഖ്യാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 75,000-ത്തില്‍ അധികം ആളുകളാണ് ഈ എസ്.യു.വി. ബുക്കുചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ഡിമാന്റ് കൂടുന്നതിന് അനുസരിച്ച് ഈ വാഹനം സ്വന്തമാക്കുന്നതിനുള്ള കാത്തിരിപ്പും നീളുകയാണെന്നതാണ് വസ്തുത.
മൊത്തം ബുക്കിങ്ങിന്റെ 75 ശതമാനവും സണ്‍റൂഫുള്ള വേരിയന്റിനാണ്. ബുക്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എ.എം.ടി വേരിയന്റാണ്. മൂന്നാം സ്ഥാനം സി.എന്‍.ജി മോഡലിനുമാണ്. എക്സ്റ്റര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് വേരിയന്റുകള്‍ക്കാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയും ഉയര്‍ന്ന ഫീച്ചറുകളുമാണ് ഈ വാഹനത്തിന്റെ ജനപ്രീതിക്ക് കാരണം. അതേസമയം ഈ സെഗ്മെന്റില്‍ വാഹനം കുറവാണെന്നതും മറ്റൊരു കാരണമാണ്.
ബെംഗളൂരുവിലാണ് ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങ് പിരീഡ്. എട്ട് മാസമാണ് നിലവില്‍ ഇവിടെ എക്സ്റ്റര്‍ ബുക്കുചെയ്ത് കാത്തിരിക്കേണ്ടത്. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നാല് മാസമാണ് ഈ വാഹനത്തിനായി കാത്തിരിക്കേണ്ടത്. കൊല്‍ക്കത്തയില്‍ 3.5 മാസമാണ് ബുക്കിങ്ങ് കാലാവധി. ഏറ്റവും കുറവ് മുംബൈയിലാണ്. ബുക്കുചെയ്ത് മൂന്നാം മാസം ഈ വാഹനം മുംബൈയിലെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
എക്സ്റ്ററിന്റെ പ്രതിമാസ ഉത്പാദനത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, മുമ്പ് ഒരു മാസത്തില്‍ ഈ വാഹനത്തിന്റെ 6000 യൂണിറ്റാണ് നിര്‍മിച്ചിരുന്നതെങ്കില്‍ ഡിമാന്റ് ഉയര്‍ന്നത് കണക്കിലെടുത്ത് അത് 8000 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന.
ഇ എക്‌സ്, എസ്, എസ് എക്‌സ്, എസ് എക്‌സ്(ഓ), എസ് എക്‌സ്(ഓ) കണക്ട് എന്നീ അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കിയിട്ടുള്ള ഫീച്ചറുകള്‍, എതിരാളികളെക്കാള്‍ സൗന്ദര്യം എന്നിവയ്‌ക്കൊപ്പം ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള എക്സ്റ്ററിന്റെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും ആറ് എയര്‍ ബാഗ് എന്നതാണ് ഇതില്‍ പ്രധാനം. ഡ്രൈവര്‍, പാസഞ്ചര്‍, സൈഡ്, കര്‍ട്ടണ്‍ എന്നിങ്ങനെയാണ് ആറ് എയര്‍ബാഗുകള്‍.
ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 83 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.