ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും പ്രതിക്കൂട്ടിലാക്കി കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കേസ് വേണ്ട വിധം അന്വേഷിക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ച വന്നു. അസ്വാഭാവിക മരണങ്ങളില്‍ എത്രയും വേഗം കേസെടുക്കമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പൊലീസ് വൈകി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് പൊലീസിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ജിഷയുടെ മരണം ദുരൂഹ സാഹചര്യത്തിലാണെന്നിരിക്കെ, ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചില്ല. പെണ്‍കുട്ടി പീഡനത്തിന് ഇരായായോ എന്നും സ്ഥിരീകരിക്കാന്‍ നില്‍ക്കാതെ മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കി. ഇത്തരം കേസുകളില്‍ മൃതദേഹം കുഴിച്ചിടുകയാണ് രീതി. ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടമോ പരിശോധനയോ നടത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പെരുന്പാവൂര്‍ സംഭവത്തില്‍ ഇത് പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഷയ്ക്ക് ഭീഷണിയുണ്ടെന്ന് അമ്മ രാജേശ്വരി പരാതിപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ല. വേണ്ടത്ര സുരക്ഷിതത്വമുള്ള വീട്ടിലായിരുന്നില്ല ജിഷയും അമ്മയും താമസിച്ചിരുന്നത്. അവര്‍ക്ക് സുരക്ഷിത പാര്‍പ്പിടം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.