റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുള്ളത് സൗദിയിലെ 7,550 വനിതകളെന്ന് റിപ്പോര്‍ട്ട്.
ലൈസന്‍സ് നേടുന്നതിന് ഇവര്‍ 11.62 ലക്ഷം റിയാല്‍ ചെലവാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്‌സിറ്റി ബോധവല്‍ക്കരണ ചര്‍ച്ച സംഘടിപ്പിച്ചത്.
വിദേശ രാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും 22 മണിക്കൂര്‍ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുകയും വേണം.
വിജയിക്കുന്നവര്‍ക്കായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.