harish rawath government in utharakand

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീം കോടതി. ഇന്നലെ നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി കോടതിയില്‍ വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് 33ഉം ബിജെപി 28 ഉം വോട്ടുകള്‍ നേടി.

ഉത്തരാഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പ് ഫലം ഇന്ന് സുപ്രീം കോടതി പരിശോധിച്ചിരുന്നു. വോട്ടെടുപ്പിന്റെ ഫലവും വീഡിയോയും ഉള്‍പ്പെടെയുള്ള രേഖകള്‍ മുദ്രവെച്ച കവറിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 33 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ബിജെപിക്ക് 28 വോട്ടുകളാണ് ലഭിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോഗ്യരായ ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഇന്നലെ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.

സുപ്രീം കോടതി നിയമിച്ച നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 27 എംഎല്‍മാരാണ് സഭയിലുള്ളത്. രണ്ട് ബിഎസ്പി എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും കൂറുമാറിയ ഒരു ബിജെപി എംഎല്‍എയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ 33 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വോട്ടെടുപ്പില്‍ നിന്നും അയോഗ്യരാക്കിക്കൊണ്ടു കോടതി പുറത്തുവിട്ട വിധിയാണ് വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് ആശ്വാസമായത്.

Top