jisha murder-kemal pasha statement

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം രാഷ്ട്രീയവത്കരിച്ച് വോട്ടുബാങ്കാക്കി മാറ്റരുതെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ പറഞ്ഞു.

ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘അരക്ഷിതരായ സ്ത്രീകളും കുട്ടികളും’ എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകളില്‍ വിഷയമാക്കേണ്ട നിരവധി കാര്യങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകം പഴുതുകള്‍ യാതൊന്നുമില്ലാതെ തെളിയിക്കാന്‍ പൊലീസിന് സമയം ആവശ്യമാണ്.

ശരിയായ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ കൊലപാതകം വിരല്‍ചൂണ്ടുന്നത് സമൂഹത്തിലെ അരക്ഷിതാവസ്ഥയിലേക്കാണ്. ഒരു പെണ്‍കുട്ടി തലയിണയ്ക്കടിയില്‍ വെട്ടുകത്തിയുമായി കിടന്നുറങ്ങേണ്ടി വന്ന സാഹചര്യമാണ് ചിന്തിക്കപ്പെടേണ്ടത്.

ഇനിയൊരിക്കലും ഒരു പെണ്‍കുട്ടിയും ഇത്രയേറെ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോവേണ്ട അവസ്ഥ ഉണ്ടാവരുത്. ഇനിയും സമൂഹത്തില്‍ ജിഷമാരുണ്ടാവാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കണം.

അപരിചിതരെ കണ്ടാല്‍ ചോദ്യം ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭാഗമായിരിന്നു നാമെല്ലാം. എന്നാല്‍ അയല്‍ക്കാരോടുള്ള കരുതലും പരിഗണനയും നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

നിലവില്‍ യാതൊരുവിധ രേഖകളും കൈയിലില്ലാതെ തൊഴിലാളികള്‍ എത്തുന്നു. ഇതുയര്‍ത്തുന്ന അപകട സാദ്ധ്യത ചെറുതല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്ന സമൂഹികമായ ബോധവത്കരണമാണ് ആവശ്യം. പല മനുഷ്യരുടെയും മനസിലെ മൃഗീയ സ്വഭാവത്തെ ഒരുപരിധിവരെ കണ്ടെത്താനും അതിന് പരിഹാരം കാണാനും ബോധവത്കരണ പരിപാടികള്‍ സഹായിക്കും.

ഓരോ കുട്ടിയുടേയും പെരുമാറ്റം മാതാപിതാക്കള്‍ വീടുകളില്‍ നിരീക്ഷിക്കുകയും ചെറിയൊരു മാറ്റം പോലും ശ്രദ്ധിക്കപ്പെടുകയും വേണമെന്നും കെമാല്‍ പാഷ പറഞ്ഞു.

Top