ദില്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വിമർശിച്ച് നിയമമന്ത്രി കിരൺ റിജിജു. നെഹ്റുവിന്റെ കശ്മീർ മണ്ടത്തരങ്ങളുടെ 75ാം വാർഷികം എന്നായിരുന്നു വിമർശനം. ജമ്മു കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തതാണ് ഒക്ടോബർ 27ന്റെ പ്രത്യേകതയെങ്കിലും അടുത്ത ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യയെ വേട്ടയാടിയ ജവഹർലാൽ നെഹ്‌റുവിന്റെ മണ്ടത്തരങ്ങളുടെ പരമ്പരയിലെ സുപ്രധാന ദിനത്തിന്റെ 75-ാം വാർഷികമാണെന്നും നിയമമന്ത്രി പറഞ്ഞു.
ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ ഇന്ത്യയോ അല്ലെങ്കിൽ പാകിസ്താനോ എന്ന് തെരഞ്ഞെടുക്കാൻ നാട്ടുരാജ്യങ്ങൾക്ക് അവകാശമുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളിലെ ജനങ്ങളുമായി ഒരു കൂടിയാലോചനയ്ക്കും വ്യവസ്ഥയുണ്ടായിരുന്നില്ല. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാട്ടുരാജ്യങ്ങളിലെ ഭരണാധികാരിയും അതാത് രാജ്യത്തെ നേതാക്കളും തമ്മിൽ മാത്രമേ തീരുമാനിക്കാവൂവെന്ന് ധാരണയുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു.
കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർക്കാൻ കശ്മീർ രാജാവ് ഹരിസിങ്ങിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ സ്വന്തം താൽപര്യം സംരക്ഷിക്കാൻ നെഹ്റുവാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.