ഈ വര്‍ഷം തങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഐക്കണിക്ക് ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ വെസ്പ. ആഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്പ 75ത് ആനിവേഴ്‌സറി എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ സ്‌കൂട്ടര്‍ 125 സിസി എന്‍ജിനിലും 150 സിസി എന്‍ജിനിലും വാങ്ങാം.
വെസ്പയുടെ 75 വര്‍ഷക്കാലത്തെ ചരിത്രം പറയും വിധത്തിലാണ് 75ാമത് ആനിവേഴ്‌സറി എഡിഷന്‍ മോഡല്‍ തയ്യാറാക്കിയിരിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ ഹൈലൈറ്റായ ഗ്ലോസി മെറ്റാലിക് ജിയല്ലോ നിറം 1940-കളിലെ വെസ്പ സ്‌കൂട്ടറുകളിലെ പ്രശസ്തമായ മഞ്ഞ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഈ നിറത്തില്‍ നല്ലവണ്ണം പ്രതിഫലിക്കും വിധം സൈഡ് പാനലുകളില്‍ ’75’ എന്നെഴുതിയ സ്റ്റിക്കറിംഗ് ഉള്‍പെടുത്തിയിട്ടുണ്ട്. മുന്‍പിലെ മഡ്ഗാര്‍ഡിന് മാറ്റ് മെറ്റാലിക് പൈറൈറ്റ് നിറത്തില്‍ 75 ബാഡ്ജ് നല്‍കിയിരിക്കുന്നു.
ഡാര്‍ക്ക് സ്മോക്ക് ഗ്രേ നിറത്തില്‍ നോബുക് ലെതറില്‍ പൊതിഞ്ഞിരിക്കുന്ന സീറ്റുകളാണ് മറ്റൊരു ആകര്‍ഷണം. ഇതേ ലെതത്തില്‍ വൃത്താകൃതിയില്‍ ഒരു ബാഗും പുറകില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ സ്‌പെയര്‍ വീല്‍ ലെതറില്‍ പൊതിഞ്ഞു ഘടിപ്പിച്ചതുപോലെയാണ് ഇത് ദൃശ്യമാവുക. പ്രത്യേകം തയ്യാറാക്കിയ ഫ്‌ലൈ സ്‌ക്രീന്‍, ഡസ്റ്റ് ഗ്രേ നിറത്തില്‍ 12-ഇഞ്ച് മെഷീന്‍ഡ് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള പ്രത്യേകതകള്‍.
ഹെഡ്ലാമ്പ് ബെസല്‍, റിയര്‍വ്യൂ മിററുകള്‍, ഗ്രാബ് റെയില്‍, എക്സ്ഹോസ്റ്റ് കവര്‍ എന്നിവിടങ്ങളില്‍ ക്രോം കവറിങ് നല്‍കിയിട്ടുണ്ട്. വെല്‍ക്കം കിറ്റിന്റെ ഭാഗമായ ഈ ബാഗില്‍ ബ്രാന്‍ഡിന്റെ ചരിത്രം വിവരിക്കുന്ന പോസ്റ്റ് കാര്‍ഡുകളിലൂടെയും വിന്റേജ് വെസ്പ മെര്‍ക്കന്റൈസും ഉള്‍പെടുത്തിയിട്ടുണ്ട്.
നിലവിലെ വെസ്പ സ്‌കൂട്ടറുകളിലെ അതേ 150 സിസി എന്‍ജിനും 125 സിസി എന്‍ജിനും തന്നെയാണ് വെസ്പ 75ത് ആനിവേഴ്‌സറി എഡിഷന്‍ സ്‌കൂട്ടറിന്റെയും ഹൃദയം. 125 സിസി എഞ്ചിനുള്ള ആനിവേഴ്‌സറി എഡിഷന്‍ പതിപ്പിന് 1.26 ലക്ഷം രൂപയും, 125 സിസി എഞ്ചിനുള്ള പതിപ്പിന് 1.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.