ക്വിറ്റ് ഇന്ത്യ സമരം തീരുമാനിക്കപ്പെട്ടത് വാര്‍ദ്ധയില്‍; ഓര്‍മ്മ പുതുക്കി കോണ്‍ഗ്രസ്

Indian-National-Congress-Flag-1.jpg.image.784.410

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഓര്‍മ്മ പുതുക്കി കോണ്‍ഗ്രസ് വാര്‍ദ്ധയില്‍ വീണ്ടും യോഗം ചേര്‍ന്നു. ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ട് പോകാന്‍ ആഹ്വാനം ചെയ്ത് തുടങ്ങിയതാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.

76 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 1942 ജൂലൈ 14നാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ സമരം ആരംഭിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം ചേര്‍ന്നത്. ഈ മുന്നേറ്റം ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറി.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചരിത്രപരമായ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു കൊണ്ടാണ് യോഗത്തെക്കുറിച്ച് അറിയിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദും മഹാത്മാ ഗാന്ധിയും വേദി പങ്കിടുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും ചിത്രത്തിലുണ്ട്.

1942 ആഗസ്റ്റ് 8നാണ് മുംബൈയില്‍ ക്വിറ്റ് ഇന്ത്യ സമരം ആരംഭിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘേഷങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി സേവാഗ്രാം ആശ്രമത്തില്‍ ഒത്തു കൂടിയത്. ഭയം, വെറുപ്പ്, അക്രമം എന്നിവയ്‌ക്കെതിരെയുള്ള ആഹ്വാനമാണ് ആഘോഷങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

സ്വാതന്ത്രലബ്ധിയ്ക്കു ശേഷം വാര്‍ദ്ധയില്‍ നടക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗമാണ് ഇന്ന് ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാത്മാഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെട്ട് പ്രചരണം നടത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ് ഇതെന്ന് വിമര്‍ശകര്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ അവസാനകാല വസതിയില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പുഷ്പ്പാര്‍ച്ചന നടത്തി.

Top