v.s vote- G sudhakaran charged police case

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ നോക്കിനിന്ന സംഭവത്തില്‍ ജി. സുധാകരനെതിരെ കേസെടുത്തു.

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ സുധാകരനെതിരെ നടപടി എടുക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്.പിയോട് ആവശ്യപ്പെട്ടു. എസ്.പിയുടെ നിര്‍ദേശ പ്രകാരം പുന്നപ്ര പൊലീസാണ് കേസെടുത്തത്.

പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വി.എസ്. അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സഥാനാര്‍ത്ഥിയായ ജി. സുധാകരന്‍ നോക്കിനിന്നതാണ് വിവാദമായത്.

വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും കടന്നുചെല്ലാന്‍ വിലക്കുള്ള വോട്ടിങ് മെഷീന് അരികിലേക്ക് കടന്നുചെന്ന സുധാകരനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ നടപടി എടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.

പ്രിസൈഡിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ആര്‍. ഗിരിജ സുധാകരനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

വി.എസിന്റെ മകനോടൊപ്പം വോട്ടുയന്ത്രത്തിന് അടുത്തുചെന്ന് രണ്ടാമത്തേതാണ് തന്റെ ചിഹ്നമെന്ന് പറയുകയും അതിനുശേഷം വി.എസ് വോട്ടുചെയ്യുന്നത് എത്തിനോക്കിയതും. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 128 പ്രകാരം ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.

Top