പരിയാരം മെഡിക്കല്‍ കോളജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി

ണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി. മന്ത്രിസഭാ യോഗത്തിലാണ് അനുമതി നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജിനെ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം കാത്ത്‌ലാബ് പ്രൊസീജിയര്‍ നടത്തിയ ആശുപത്രികളില്‍ ഇന്ത്യയില്‍ നാലാമത്തേയും കേരളത്തില്‍ ഒന്നാമത്തേയും സ്ഥാനമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിനുള്ളത്.

മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. 5.5 കോടി രൂപ ചെലവഴിച്ച് നൂതന കാത്ത്‌ലാബ് സജ്ജമാക്കി വരുന്നു. മെഡിക്കല്‍ കോളജിലുള്ള രണ്ട് കാത്ത് ലാബുകള്‍ക്ക് പുറമേയാണ് പുതിയ നൂതന കാത്ത്‌ലാബ് സജ്ജമാക്കുന്നത്. ഒരു ലക്ഷത്തോളം കാത്ത്‌ലാബ് പ്രൊസീജിയറാണ് ഇതുവരെ ഇവിടെ നടത്തിയിട്ടുള്ളത്.

247 അധ്യാപക തസ്തികകളും 521 നഴ്‌സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് തസ്തിക സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജിലെ പഠനത്തിനും ചികിത്സയ്ക്കും ഇതേറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

Top