High Command will decide the opposition leader,says Sudheeran

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശമുണ്ടാകും.

മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം അറിയാക്കാമെന്ന് വി.എം സുധീരനെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ വി.എം സുധീരന്‍ ഹൈക്കമാന്റിന് നല്‍കി.

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തര്‍ക്കങ്ങളുണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് ഹൈക്കമാന്റ് ഇടപെടല്‍ ഉറപ്പായത്. പാര്‍ട്ടിക്ക് ഗുണകരമാകുന്ന തരത്തിലുള്ള തീരുമാനം ഉണ്ടാകണമെന്ന അഭിപ്രായം സുധീരന്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുമുണ്ട്.

എം.എല്‍.എമാരുടെ നിലപാടിനൊപ്പം മറ്റ് ഘടകങ്ങളും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ഉണ്ടാവുക.

പ്രതിപക്ഷ സ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ചാണ്ടി താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും എ ഗ്രൂപ്പ് നേതാക്കളെല്ലാം ഉമ്മന്‍ചാണ്ടിയെ നിര്‍ബന്ധിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയല്ലങ്കില്‍ രമേശ് ചെന്നിത്തലയെക്കാള്‍ നല്ലത് കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് ആകുന്നതാണന്ന അഭിപ്രായത്തിലാണ് എ വിഭാഗം നേത്യത്വം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് സുധീരന്റെ താല്‍പര്യം കൂടി പരിഗണിച്ചുള്ള ഹൈക്കമാന്റിന്റെ നീക്കങ്ങള്‍.

Top