Brazil minister ousted after secret tape reveals plot to topple President Rousseff

ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് ഗൂഡാലോചന നടത്തുന്നതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നതോടെ ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രി പുറത്തേക്ക്.

ഗൂഡാലോചന പ്രവര്‍ത്തനങ്ങളില്‍ ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളും പങ്കെടുത്തതായി ടെലിഫോണ്‍ സംഭാഷണത്തിലൂടെ തെളിഞ്ഞു. അഴിമതി അന്വേഷണത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനായി ദില്‍മയെ ഇംപീച്ച് ചെയ്യുന്നതിന് ഗൂഢാലോചന നടത്തുന്നതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങളാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

താല്‍ക്കാലിക പ്രസിഡന്റ് മൈക്കിള്‍ ടെമറിന്റെ വിശ്വസ്തനും ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്കയാണ് ദില്‍മക്കെതിരെ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞത്.

ദില്‍മ പുറത്തായില്ലെങ്കില്‍ താന്‍ അടക്കമുള്ള ഉന്നത രാഷ്ട്രീയക്കാര്‍ കുടുങ്ങുമെന്നും ജൂക്ക സംഭാഷണത്തില്‍ പറയുന്നു. എന്നാല്‍ താന്‍ രാജിവെച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മാറി നില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

തന്നെ ഇംപീച്ച് ചെയ്യാന്‍ ഗൂഢാലോചന നടക്കുന്നതായി ദില്‍മ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

ഗൂഢാലോചന പുറത്തായ സ്ഥിതിക്ക് ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദില്‍മയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമോയെന്നും ഇംപീച്ചമെന്റ് നടപടി റദ്ദാക്കുമോയെന്നും വ്യക്തമായിട്ടില്ല.

Top