തിരുവനന്തപുരം: ജേക്കബ് തോമസിനെ പിണറായി കൂട് തുറന്ന് വിട്ടതോടെ ആശങ്കയിലായവരില്‍ ഉദ്യോഗസ്ഥപ്പടയും.
കൈക്കൂലി അരങ്ങ് വാഴുന്ന സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറാവുന്നതോടെ മൊത്തത്തില്‍ അടിച്ച് നിരത്തി ക്ലീനാക്കുമെന്ന പ്രതീതിയാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്.
അഴിമതിക്കാരായ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ തുടങ്ങി പൊലീസിലെ ഉന്നതര്‍ വരെ ഈ ഭയപ്പാടിലാണ്. മാത്രമല്ല നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ വിജിലന്‍സ് അന്വേഷണം നേരിടുന്നുമുണ്ട്.
അഴിമതിക്കെതിരായ നിലപാടിന്റെ പേരില്‍ തന്നെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പോലും മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ചങ്കൂറ്റം കാണിച്ച ഐപിഎസ് കരുത്തിനെയാണ് ഇവരെല്ലാം ഭയപ്പെടുന്നത്.
പിണറായിയാണ് മുഖ്യമന്ത്രി എന്നതിനാല്‍ ഒരു ശുപാര്‍ശയും നടക്കില്ല എന്നുറപ്പുള്ളതിനാല്‍ വിധിച്ചത് ഏറ്റുവാങ്ങുകയേ നിവൃത്തിയുള്ളു എന്നതാണ് മറ്റൊരു ഗതികേട്.
സാധാരണ ഏത് സര്‍ക്കാര്‍ വന്നാലും അവിടെ സര്‍വ്വീസ് സംഘടനാ നേതൃത്വങ്ങള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം കാര്യങ്ങളില്‍ ഇടപെടാന്‍ നിഷ്പ്രയാസം കഴിയുന്ന സാഹചര്യങ്ങളായിരുന്നു ഇതുവരെ. എന്നാല്‍ പിണറായിയുടെ അടുത്ത് അത്തരം ഇടപെടലുകള്‍ നടക്കുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും കൈമലര്‍ത്തുകയാണ്.
സ്വതന്ത്രമായി പൊലീസ്-വിജിലന്‍സ് സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ പുതിയ തീരുമാനത്തിലൂടെ സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്.
മുന്‍പ് എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ പൊലീസിന് നല്‍കിയ സ്വാതന്ത്ര്യവും രാഷ്ട്രീയ ഇടപെടലിന് നല്‍കിയ റെഡ് സിഗ്നലും പുതിയ കാലത്ത് കൂടുതല്‍ ശക്തമായി നടപ്പാക്കാനൊരുങ്ങുന്നതിന്റെ ആദ്യ സൂചനയായിട്ടാണ് ഡിജിപിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും നിയമനത്തെ വിലയിരുത്തപ്പെടുന്നത്. അത്‌കൊണ്ട് തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മാത്രമല്ല രാഷ്ട്രീയക്കാരുടെയും മുട്ടിടിക്കുകയാണിപ്പോള്‍.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തെ ഒറ്റയടിക്ക് വഴിതിരിച്ച് വിട്ട രാഷ്ട്രീയ ചാണക്യ തന്ത്രമാണ് ഇവിടെ പിണറായി പ്രകടിപ്പിച്ചത്.