jisha murder-police got evidence

കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് സഹായകരമായി പുതിയ തെളിവുകള്‍.

കൊലയാളിയുടേതെന്ന് കരുതുന്നയാളുടെ കൂടുതല്‍ ഡിഎന്‍എ സാംപിളുകളാണ് പൊലീസിന് ലഭിച്ചത്.

ജിഷയുടെ കൈവിരലുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ മാംസത്തില്‍ നിന്നും, വാതില്‍ക്കൊളുത്തില്‍ പുരണ്ട രക്തക്കറയില്‍ നിന്നുമാണ് കൊലയാളിയുടേതെന്ന് കരുതുന്ന ഡിഎന്‍എ ലഭിച്ചത്.

ഇത് രണ്ടും തമ്മില്‍ സാമ്യമുണ്ടെന്നാണ് സ്ഥിരീകരണം. ആദ്യ അന്വേഷണസംഘം ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്.

ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാടില്‍ നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്. കൊലയാളിക്ക് പരുക്കേറ്റിരുന്നുവെന്നും ഇപ്പോള്‍ ലഭിച്ച തെളിവ് വഴി വ്യക്തമായിരിക്കുകയാണ്.

സംശയം തോന്നിയ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും ഡിഎന്‍എ യോജിക്കാതിരുന്നതിനാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ജിഷയുടെ വസ്ത്രത്തില്‍ കൊലയാളിയുടെ ഉമിനീര്‍ കലര്‍ന്നിരുന്നു. എന്നാല്‍ ഇത് ജിഷയുടെ രക്തവുമായി കലര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം വഴി മുട്ടിയിരുന്ന പശ്ചാത്തലത്തിലാണ് പുതിയ വഴിത്തിരിവ്.

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ഇപ്പോള്‍ ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നത്.

Top