മഥുര: സ്വന്തം മണ്ഡലത്തില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ ഷൂട്ടിങ്ങ് ചിത്രങ്ങള്‍ പങ്കുവെച്ച എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുംബൈ മാഥ് ദ്വീപില്‍ ഏക് തി റാണിയുടെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളാണ് എംപി ട്വീറ്റ് ചെയ്തത്. ചിത്രം നേരത്തെ തിയേറ്ററിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന അടുക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഭൂമി കൈയ്യേറ്റക്കാരും ഒഴിപ്പിക്കാനെത്തിയ പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്പി ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. 40ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. അലഹാബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഹേമമാലിനി ട്വീറ്റുകള്‍ നീക്കം ചെയ്തു. തൊട്ടുപിന്നാലെയെത്തി സംഘര്‍ഷത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തിയുള്ള ട്വീറ്റുകള്‍. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും മഥുരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഹേമമാലിന് രംഗത്തെത്തി. മഥുരയില്‍ അനധികൃത ഭൂമികയ്യേറ്റം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ വിഷയം ഇത്തരമൊരു സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.