കൊറോണാവൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ 8.3 ബില്ല്യണ്‍ ഡോളര്‍ ഇറക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുവെയ്ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവഴി ഫെഡറല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സികള്‍ക്ക് വാക്‌സിന്‍, ടെസ്റ്റ്, സുപ്രധാന ചികിത്സകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം നല്‍കാന്‍ നിയമനിര്‍മ്മാണം വഴിയൊരുക്കും. സ്റ്റേറ്റ്, ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് ഭീഷണിയെ നേരിടാനും, പ്രതികരിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ ആശങ്ക ഉയരവെയാണ് സെനറ്റ് നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ സര്‍ക്കാരിന്റെ വൈറസിന് എതിരെയുള്ള പ്രതികരണം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയായി പടരുന്നത് ലോകത്തിന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്.
ഓരോ ദിവസവും യുഎസില്‍ കൂടുതല്‍ പേരിലേക്ക് വൈറസ് എത്തിച്ചേരുകയാണ്. ഇതോടെ പുതിയ ഫണ്ടിംഗിന്റെ സഹായത്തോടെ വൈറസിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. സാമ്പത്തിക വിപണികളെ വരെ കീഴടക്കി യാത്രകളെ തടസ്സപ്പെടുത്തി, യുഎസിന്റെ ഒരു ദശകത്തിലെ വളര്‍ച്ചയെ തന്നെ തടഞ്ഞ് നിര്‍ത്തുന്ന അവസ്ഥയിലേക്കാണ് കൊറോണ നീങ്ങുന്നത്.
സെനറ്റില്‍ 1 വോട്ടിന് എതിരെ 96 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപിന്റെ ഒപ്പാണ് ഇനി ബാക്കിയുള്ളത്. ഹൗസ് ബുധനാഴ്ച ബില്‍ പാസാക്കി. ബില്ലില്‍ ട്രംപ് ഒപ്പുവെയ്ക്കുമെന്ന് തന്നെയാണ് കരുതുന്നത്. അമേരിക്കയിലെ ജനങ്ങള്‍ നേതൃത്വത്തിലേക്ക് ഉറ്റുനോക്കുന്ന ഘട്ടത്തില്‍ ട്രംപ് അവസരം മുതലാക്കുമെന്ന് തന്നെ കരുതാം.