നാല് മാസത്തിനിടെ ചത്തത് 8 ചീറ്റകള്‍; ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും നീക്കം ചെയ്തു

ശിവപുരി: കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ ചത്തൊടുങ്ങിയ സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും നീക്കം ചെയ്തു. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് കുനോ നാഷണല്‍ പാര്‍ക്കില്‍ 8 ചീറ്റകള്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസീര്‍ സിംഗ് ചൗഹാനെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്.

1952-ലാണ് ഇന്ത്യയില്‍ ഏഷ്യന്‍ ചീറ്റകള്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. നമീബയില്‍ നിന്ന് എട്ട് ചീറ്റകളെയും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവയില്‍ 8 എണ്ണമാണ് കഴിഞ്ഞ നാല് മാസത്തിനിടെ ചത്തത്.

സ്വാഭാവിക കാരണങ്ങളാണ് ചീറ്റകളുടെ മരണത്തിന് പിന്നിലെന്ന് വന്യജീവി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ദിവസങ്ങള്‍ക്കു മുന്‍പ് ചത്ത ആഫ്രിക്കന്‍ ചീറ്റയായ തേജസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചീറ്റ ആന്തരികമായി ദുര്‍ബലാവസ്ഥയില്‍ ആയിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Top