ഭോപാല്‍: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യില്‍പ്പെട്ട എട്ട് ഭീകരര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപെട്ടു.
ജയില്‍ വാര്‍ഡനെ വധിച്ച ശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്. രമാകാന്ത് എന്ന ജയില്‍ വാര്‍ഡനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
തടവുചാടിയ എട്ടുപേരും ജയിലിലെ ‘ബി’ ബ്ലോക്കിലുണ്ടായിരുന്നവരാണെന്നാണ് സൂചന.
സ്‌ഫോടനക്കേസുകള്‍ അടക്കമുള്ളവയിലെ പ്രതികളാണ് രക്ഷപ്പെട്ട സിമി ഭീകരര്‍.
ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലായില്‍ ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ഇതേത്തുടര്‍ന്ന് അധികൃതര്‍ കോടതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
രക്ഷപ്പെട്ട ഭീകരരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.