എൺപതുകാരിയായ ഈ അമ്മൂമ്മ ഒരു കൊച്ചു സുന്ദരിയാണ്, ഒരു ഫാഷൻ ബ്ലോഗർ!

‘എയ്ലീന സ്റ്റൈൽ ക്വീൻ’ എന്ന് ഒന്ന് വെറുതെ ഇൻസ്റ്റാഗ്രാമിൽ ടൈപ്പ് ചെയ്താൽ മതിയാകും. നൂറു കണക്കിന് നല്ല സ്റ്റൈലൻ ഫോട്ടോകൾ പ്രത്യക്ഷപ്പെടും. കണ്ടാൽ ആരും ഒന്ന് കൂടി ഒന്ന് നോക്കി പോകുന്ന തരത്തിൽ ഉള്ള ഫോട്ടോകൾ. ഇതാരപ്പാ ഇങ്ങനൊരു മൊഞ്ചത്തി എന്ന് നോക്കുമ്പോൾ മറ്റൊരു കാര്യം ശ്രദ്ധയിൽ പെടും. ഈ മൊഞ്ചത്തിക്ക് അൽപ്പം പ്രായം കൂടുതലാണ്. കൂടുതൽ എന്ന് പറയുമ്പോ, ഏതാണ്ട് 80 വയസ്സ് വരും കെട്ടോ!

എയ്ലിൻ സ്മിത്ത് എന്ന 80-കാരിയായ അമ്മൂമ്മയ്ക്ക് ഇതിപ്പോ എന്തിനാണ് ഇങ്ങനെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്ന് ചോദിച്ചാൽ, എയ്ലിൻ പറയും, “എനിക്ക് മനോഹരമായി ഒരുങ്ങുന്നത് ഇഷ്ടമാണ്. എന്റെ മക്കൾ നല്ല സ്റ്റൈൽ ആയി ഒരുങ്ങുന്നവരാണ്. അവർക്കൊപ്പം ജീവിച്ചു ഞാനും അൽപ്പം സ്റ്റൈൽ ആയി,” എന്ന്. അമ്മൂമ്മ എന്ന് പറഞ്ഞു അങ്ങനെ തള്ളി കളയണ്ടാ കേട്ടോ. എയ്ലിന് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ 50,000-ത്തിൽ അധികം ഫോള്ളോവെർസ് ഉണ്ട്.

“ഞാൻ ഒരു ഐറിഷുകാരിയാണ്, എനിക്ക് ഗാർഡനിംഗ് ഇഷ്ടമാണ്. സ്റ്റൈൽ ആയി നടക്കാനും ഇഷ്ടമാണ്,” ഇങ്ങനെയാണ് ഈ അമ്മൂമ്മ ഇൻസ്റ്റാഗ്രാമിൽ തന്നെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ അമ്മൂമ്മ ഒരു ഫാഷൻ ബ്ലോഗർ ആണെന്ന് തന്നെ പറയാം. എന്താണ് ഇവരെ ഇത്രയും വലിയ സെലിബ്രിറ്റി ആക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ അമ്മൂമ്മയുടെ സ്റ്റൈൽ തന്നെ. ദിവസവും ധരിക്കുന്ന സ്റ്റൈലീഷ് വസ്ത്രങ്ങളുടെ ചിത്രം എയ്ലിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യും. തനിക്ക് ഇണങ്ങുന്ന തരത്തിൽ ഉള്ള സ്റ്റൈലൻ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ഭംഗിയായി അണിയും. തന്റെ മൂന്നു പെണ്മക്കൾ ഉള്ളപ്പോള്‍ തുടങ്ങിയ ശീലമാണ് വസ്ത്രങ്ങൾ അണിഞ്ഞാൽ ചെറിയ ഒരു ഫോട്ടോ എടുപ്പും പോസ്റ്റ് ചെയ്യലും ഒക്കെ.

ഫോള്ളോവെർസ് ഉള്ളതിൽ ഇത്ര വലിയ കാര്യം എന്താ എന്ന് ചോദിച്ചാൽ, ഈ സുന്ദരികുട്ടിയുടെ ഫോള്ളോവെർസിൽ കൂടുതൽ ആളുകളും 18 -നും 26-നും ഇടയിൽ പ്രായം ഉള്ളവരാണ്.

Top