റോം:മെഡിറ്ററേനിയൻ കടലിൽ നിന്നും വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ 800 ആഫ്രിക്കൻ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. 5 ബോട്ടുകളിലായാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്. ഈ ബോട്ടുകളിൽ എല്ലാം കുടിയേറ്റക്കാരുടെ എണ്ണം കൂടുതലായതിനാൽ ബോട്ട് മുങ്ങാൻ സാധ്യത കൂടുതലായിരുന്നു.
ഏഴ് കുട്ടികൾ രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. ടുണീഷ്യയിലെ സ്ഫക്സിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹെലികോപ്ടർ മാർഗം ഇവരെ എത്തിച്ചിട്ടുണ്ട്. കൂടാതെ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും ഏജൻസികൾ കണ്ടെടുത്തു.
സമീപ വർഷങ്ങളിൽ സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് മെഡിറ്ററേനിയൻ കടലിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. സ്വന്തം രാജ്യത്തിലെ സായുധ പോരാട്ടങ്ങളിൽ നിന്നും രക്ഷപ്പെടാനും ,പുതിയ ഉപജീവന മാർഗം കണ്ടെത്താനുമാണ് ഇത്തരത്തിൽ കടൽ മാർഗം യൂറോപ്പിൽ എത്താൻ കുടിയേറ്റക്കാർ ശ്രമിക്കുന്നത്.