തലശ്ശേരി: കുട്ടിമാക്കൂലില്‍ സി.പി.എം ബ്രാഞ്ച് ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് ആരോപിച്ച് ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം ദേശീയ പട്ടിക ജാതി കമീഷന്‍ അന്വേഷിക്കും.
ദേശീയ പട്ടിക ജാതി കമീഷന്‍ ചെയര്‍മാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഐ.എന്‍.ടി.യു.സി നേതാവ് എന്‍. രാജന്റെ മക്കളായ അഖില (30), അഞ്ജുന (25) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് എ.ഡി.ജി.പിയോട് വിവരങ്ങള്‍ ആരാഞ്ഞതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു .
ഈമാസം 11ന് വൈകീട്ട് 5 ആയിരുന്നു സംഭവം. കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനത്തെിയ അഖിലയെയും അഞ്ജുനയെയും ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് വില്‌ളേജ് കമ്മിറ്റി ജോയന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തിലുള്‌ളവര്‍ അപമാനിക്കുകയും അസഭ്യംപറയുകയും ചെയ്തിരുന്നുവത്രെ.
ഇതേതുടര്‍ന്ന് ഇരുവരും സി.പി.എം ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറി ഷിജിലിനെ (27) അടിക്കുകയും ഓഫിസിലെ ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കറ്റം.
തലശ്ശേരി പൊലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടികളെ സ്റ്റേഷനില്‍ ഹാജരാക്കണമെന്നും ജാമ്യം നല്‍കുമെന്നുമാണത്രെ പൊലീസ് അറിയിച്ചിത്. എന്നാല്‍ തലശ്ശേരി സ്റ്റേഷനിലത്തെിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കുന്ന കണ്ണൂര്‍ സെക്കന്‍ഡ് ക്‌ളാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് വനിതാജയിലിലേക്ക് അയച്ചു. അഖിലയുടെ ഒന്നരവയസ്സുള്ള കുട്ടിയും ഇവര്‍ക്കൊപ്പമുണ്ട്. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തേ മൂന്നു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ എത്തിയത്.
കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷമാണ് യുവതികളെ റിമാന്‍ഡ് ചെയ്ത വിവരം അറിഞ്ഞത്. ഉടനെ കൂട്ടായ്മ യോഗം നിര്‍ത്തിവെച്ച് നേതാക്കളും പ്രവര്‍ത്തകരും വി.എം. സുധീരന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് സുധീരന്‍ ഉദ്ഘാടനം ചെയ്തു.