മിലാന്‍: ബെല്‍ജിയത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ആയുധ ശേഖരം ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. തുര്‍ക്കി നിര്‍മ്മിത 847 തോക്കുകളാണ് റെയ്ഡിലൂടെ ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്. ജര്‍മനിയില്‍നിന്നും ഹോളണ്ടില്‍നിന്നും കയറ്റി അയയ്ക്കപ്പെട്ടതാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
ഡച്ച് രജിസ്‌ട്രേഷനിലുള്ള ട്രക്കിലാണ് ആയുധം കടത്താന്‍ ശ്രമിച്ചത്. തുര്‍ക്കി സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ആയുധം ബെല്‍ജിയത്തിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.
യൂറോപ്പിലെ ഐഎസ് ഭീകരരുടെ താവളമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബെല്‍ജിയത്തിലായിരുന്നു പാരീസ് ഭീകരാക്രമണത്തിന്റെ സിരാകേന്ദ്രങ്ങള്‍ തമ്പടിച്ചതും പദ്ധതിയിട്ടതും. യൂറോപ്പില്‍ ഏറ്റവും അധികം ഐഎസ് സാന്നിധ്യമുള്ളയിടവും ബെല്‍ജിയമാണ്. അതുകൊണ്ടു തന്നെ ആയുധക്കടത്തില്‍ ഐഎസിനു പങ്കുണ്ടോയെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് ഇറ്റാലിയന്‍ പോലീസ്.