ഹൈദരാബാദ്: തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിനായി കേന്ദ്രം അനുവദിച്ച 1850 കോടി രൂപയില്‍ 850 കോടി ചെലവാക്കിയതായി ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍ ചിലവഴിച്ച തുക എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണള്‍ക്കോ, കെട്ടിടങ്ങള്‍ക്കോ ആയി വിനിയോഗിച്ചിട്ടില്ലെന്നും ലാന്റ് പൂളിങ്ങ് സ്‌കീമിന്റെ കീഴില്‍ വരുന്ന സ്ഥല ഉടമസ്ഥര്‍ക്ക് പണം നല്‍കിയ വക, പൂന്തോട്ടങ്ങള്‍ക്കും, മരങ്ങള്‍ക്കുമായുള്ള ഒറ്റ തവണ തുക നല്‍കല്‍, കാര്‍ഷിക ലോണില്‍ നിന്നും ഒഴിവാക്കിയ വകയില്‍ നല്‍കിയ തുക, കൂടാതെ നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന സര്‍ബന എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്കു നല്‍കിയ തുക എന്നിവയ്ക്കാണ് പണം ചെലവായതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ആന്ധ്രയ്ക്കായി ആദ്യം 1500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അതില്‍ 1000 കോടി അമരാവതി നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ബാക്കി 500 കോടി സര്‍ക്കാര്‍ മന്ദിരങ്ങളായ രാജ് ഭവന്‍, അസംബ്ലി, ഹൈക്കോടതി എന്നിവയുടെ നിര്‍മ്മാണത്തിനും ആയിരുന്നു നല്‍കിയത്. പിന്നീട് നിര്‍മ്മാണള്‍ക്കായി 350 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു.
ഈയടുത്തായി മറ്റൊരു 200 കോടി കൂടി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അത് നല്‍കിയിട്ടില്ല. 2018ല്‍ നഗരത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തീകരിക്കാന്‍ 15,000 കോടി രൂപയാണ് കേന്ദ്രത്തോട് ആന്ധ്ര ആവശ്യപ്പെട്ടത്. ഇതിനായി പ്രതി വര്‍ഷം 4000 കോടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചെലവുകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നില്ല. മറ്റ് ഫണ്ട് അനുവദിക്കുന്നതിന് മുമ്പ് ചെലവു വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം ആന്ധ്രയോട് ആവശ്യപ്പെട്ടിരുന്നു.