ഗാസ സിറ്റി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ 8525 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം. 23000 ലധികം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 3542 കുട്ടികളും 2187 സ്ത്രീകളും ഉള്‍പ്പെടുന്നു. ഗാസയിലെ വിവിധ ആശുപത്രികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഗാസയിലെ എക കാന്‍സര്‍ ചികിത്സാ ആശുപത്രിയായ ടര്‍ക്കിഷ് ആശുപത്രി തകര്‍ന്നു, അല്‍ ഖുദ്‌സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രായേലില്‍ എത്തും. യുദ്ധം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
22 ഐഡിഎഫ് വാഹനങ്ങള്‍ തകര്‍ത്തെന്ന് ഹമാസ് അവകാശപ്പെട്ടു. 400 പേര്‍ കൊല്ലപ്പെട്ടെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കമാന്‍ഡറുടെ വെസ്റ്റ് ബാങ്കിലെ വീട് തകര്‍ത്തു. ഹമാസ് ബങ്കറുകള്‍ തകര്‍ത്തെന്നും ഇസ്രയേലും അവകാശപ്പെട്ടു.
ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി. ക്യാമ്പിന് നേരെയുളള ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് കമാന്‍ഡറെ ലക്ഷ്യമിട്ടായിരുന്നു ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. പലസ്തീന്‍ ടിവിയുടെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.