ഫോണും കയ്യില്‍പ്പിടിച്ച് ഓടിയും നടന്നും വണ്ടി കയറിപ്പോയും സെമിത്തേരിയിലും തുരങ്കത്തിലും വരെ ചുറ്റിക്കറങ്ങിയും ഗെയിം പ്രേമികള്‍ കളിച്ചുതകര്‍ക്കുകയാണ് ‘പോക്കിമോന്‍ ഗോ’. ദശലക്ഷക്കണക്കിനു പേരാണ് ഈ ഗെയിം ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തത്.
യൂറോപ്യന്‍ രാജ്യങ്ങളും കടന്ന് ഇനി പോക്കിമോന്റെ വരവ് ഏഷ്യയിലേക്കാണ്. ഇന്ത്യയിലുള്‍പ്പെടെ ഈ ‘ഓഗ്‌മെന്റഡ് റിയാലിറ്റി’ ഗെയിമിനു വേണ്ടി ലക്ഷങ്ങളാണു കാത്തിരിക്കുന്നത്. പക്ഷേ ഏഷ്യന്‍ ലോഞ്ചിന്റെ തിയ്യതി അറിയിച്ചിട്ടില്ലെങ്കിലും പോക്കിമോന്‍ ഗോയെ എന്നു തകര്‍ക്കുമെന്ന കാര്യത്തില്‍ കൃത്യമായൊരു ദിവസം ഒരു കൂട്ടര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഓഗസ്റ്റ് ഒന്നിന് പോക്കിമോനെ ഹാക്ക് ചെയ്ത് നശിപ്പിക്കുമെന്നാണ് ട്വിറ്ററില്‍ PoodleCorp എന്ന യൂസര്‍ നെയിമില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
കാനഡയിലുള്‍പ്പെടെ പോക്കിമോന്‍ ഗോ ആരംഭിച്ചതിനു ശേഷം പല ഉപയോക്താക്കള്‍ക്കും സെര്‍വര്‍ തകരാര്‍ കാരണം ഗെയിം കളിക്കാനായിരുന്നില്ല. ഒട്ടേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടേയിരിക്കുന്നതിനാല്‍ സെര്‍വര്‍ ഡൗണ്‍ ആകുന്നതാണ് പ്രശ്‌നമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ തങ്ങള്‍ ഹാക്ക് ചെയ്താണ് സെര്‍വര്‍ ഡൗണാക്കിയതെന്നാണ് PoodleCorp ന്റെ അവകാശവാദം. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സെര്‍വീസ്(DDoS) തന്ത്രമാണ് ഇതിനു വേണ്ടി സംഘം ഉപയോഗപ്പെടുത്തിയതെന്നും പറയുന്നു.
ഒട്ടേറെ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഉപയോക്താവ് അറിയാതെ തന്നെ ഹാക്കര്‍മാര്‍ ഏറ്റെടുത്ത് അവ വഴി നടത്തുന്ന ആക്രമണത്തെയാണ് DDoS എന്നു പറയുന്നത്. ഇതിനായി പലയിടത്തായി ഹാക്കര്‍മാരുടെ ഗ്രൂപ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞതായും PoodleCorp പറയുന്നു.
ഓഗസ്റ്റ് ഒന്നിന് പലതരം ഡിവൈസുകളുടെ നിയന്ത്രണം ഒരേസമയത്ത് ഹാക്കര്‍മാര്‍ പിടിച്ചെടുക്കുകയും അത്തരത്തില്‍ ‘വൈറസ്‌കണക്റ്റഡ്’ ആയ കപ്യൂട്ടറുകളുടെ നെറ്റ്‌വര്‍ക്ക് (ബോട്ട്‌നെറ്റ്) വഴി ആക്രമണം നടത്തുകയും ചെയ്യുമെന്നാണു ഭീഷണി. ആയിരക്കണക്കിന് ഐപി അഡ്രസുകളില്‍ നിന്നായിരിക്കും ഈ ആക്രമണം.
വൈറസോ അല്ലെങ്കില്‍ തുടരെത്തുടരെ റിക്വസ്റ്റുകളും സ്പാം മെയിലുകളുമോ അയച്ച് സെര്‍വറിനു താങ്ങാനാകാത്ത വിധം തകര്‍ക്കുകയും ചെയ്യുകയെന്നതാണു രീതി. അതോടെ യൂസര്‍മാര്‍ക്ക് പോക്കിമോന്‍ ഗോയുടെ ഏഴയലത്തു പോലും എത്താനും പറ്റില്ല.
സ്‌കൂളിലേക്കെത്തുന്ന കുട്ടികളെ അകത്തേക്കു കയറ്റാത്ത ഗുണ്ടകളെപ്പോലെയാണ് ഈ ബോട്ട് നെറ്റ് അറ്റാക്ക്. പഠിക്കാന്‍ അവകാശപ്പെട്ടവരെ പടിക്കു പുറത്തു നിര്‍ത്തി കുറേ കള്ളന്മാര്‍ സ്‌കൂളില്‍ ഒരു കാര്യവുമില്ലാതെ ഓരോ വിഡ്ഢിത്തരങ്ങളും തല്ലുകൊള്ളിത്തരങ്ങളും ചെയ്ത് ചുമ്മാ ചുറ്റിക്കറങ്ങുന്ന പരിപാടി തന്നെ.
(പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല എന്നതും ഇവിടെ ചേരും) 2014ല്‍ സോണിയുടെ പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്കിനു നേരെയും എക്‌സ് ബോക്‌സ് ലൈവിനു നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു.
ആദ്യഘട്ടത്തില്‍ സെര്‍വര്‍ ഡൗണാക്കി ഒന്നു ടെസ്റ്റ് ചെയ്തു നോക്കിയതാണെന്നും വൈകാതെ തന്നെ വന്‍തോതിലൊരു ‘പണി’ വരുന്നുണ്ടെന്നുമായിരുന്നു PoodleCorpന്റെ തലവന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ട്വിറ്റര്‍ യൂസര്‍ XO കഴിഞ്ഞ ദിവസം ട്വീറ്റു ചെയ്തത്.
എന്നാല്‍ പോക്കിമോന്‍ അധികൃതര്‍ അപ്പോഴും പറഞ്ഞത് ഇതൊരു സാങ്കേതിക പ്രശ്‌നമാണെന്നാണ്. സെര്‍വര്‍ ഡൗണായതിന്റെ പേരില്‍ പോക്കിമോന്‍ ഗോയുടെ തുടര്‍ റിലീസുകളും കമ്പനി നിര്‍ത്തിവച്ചു. അതിനു തൊട്ടുപിറകെയാണ് PoodleCorp ന്റെ പുതിയ ട്വീറ്റ്: August 1st #PoodleCorp #PokemonGo എന്ന ട്വീറ്റില്‍ കൃത്യമായി പ്രകടമാണ് ഓഗസ്റ്റ് ഒന്നിനുണ്ടായേക്കാവുന്ന ആക്രമണത്തിന്റെ സൂചന.
ഓഗസ്റ്റ് ഒന്നിന് 24 മണിക്കൂര്‍ നേരത്തേക്ക് പോക്കിമോന്‍ ഗോയുടെ സകല സെര്‍വറും ഡൗണാക്കുമെന്ന PoodleCorp തലവന്റെ പ്രസ്താവന പല ടെക്‌നോ വെബ്‌സൈറ്റുകളും വാര്‍ത്തയാക്കിയിട്ടുമുണ്ട്.
ഗെയിം സേവനങ്ങളെ മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ‘ലിസാഡ് സ്‌ക്വാഡ്’ എന്ന കുപ്രസിദ്ധ ഹാക്കിങ് സംഘവുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നും PoodleCorp വിശദീകരിക്കുന്നു. ഈ കൂട്ടുകെട്ടിനു ശേഷമുള്ള ആദ്യ ‘മാസ് അറ്റാക്ക്’ ആയിരിക്കും ഓഗസ്റ്റ് ഒന്നിലേതെന്നും XO പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
വമ്പന്‍ ഒരു ‘botnet’ ആണ് സെര്‍വറുകള്‍ക്കു നേരെ ‘ട്രാഫിക്’ ആക്രമണം നടത്താനായി തങ്ങള്‍ സജ്ജമാക്കുന്നതെന്നും PoodleCorp പറയുന്നു. എന്തായാലും ‘ജീവിതമേ പോക്കിമോന്‍’ എന്നും പറഞ്ഞു നടക്കുന്നവര്‍ ഓഗസ്റ്റ് ഒന്നിനെങ്കിലും ഒന്നു വിശ്രമിച്ചോളൂ എന്ന മുന്നറിയിപ്പും XO പുറത്തുവിട്ടു കഴിഞ്ഞു.