കോട്ടയം: കെ.എം. മാണിയ്ക്ക് എതിരായ ബാര്‍കോഴ ആരോപണത്തിനു പിന്നില്‍ അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ്.
രമേശിനെ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കാത്തതാണ് മാണിയ്‌ക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നലെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം ‘പ്രതിഛായ’യില്‍ പറയുന്നു.
ചില ആളുകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ മാണി ഇതിന് പിന്തുണ നല്‍കാത്തത് വിരോധത്തിന് കാരണമായെന്നും ‘ബാര്‍കോഴ ആരോപണങ്ങളും കള്ളക്കളികളും’ എന്ന പേരിലുള്ള ലേഖനത്തില്‍ പറയുന്നു.
ബാര്‍കോഴ ആരോപണത്തില്‍ രമേശിനൊപ്പം മന്ത്രിമാരായ കെ. ബാബുവും അടൂര്‍ പ്രകാശും ഗൂഢാലോചന നടത്തിയതായി ലേഖനത്തിലുണ്ട്. ബാബുവിനും അടൂര്‍ പ്രകാശിനും അബ്കാരി താല്‍പര്യങ്ങളാണ് ഉണ്ടായിരുന്നത്.
ആരോപണമുന്നയിച്ച ബിജു രമേശ് ഇവരുടെ ചട്ടുകമായി മാറുകയായിരുന്നു ലേഖനം പറയുന്നു.
കേസില്‍ ത്വരിതപരിശോധന മുന്‍കൂട്ടി ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ആരോപണമുയരുമ്പോള്‍ അമേരിക്കയിലായിരുന്ന ചെന്നിത്തല പിറ്റേന്ന് കേരളത്തിലെത്തി മറ്റു ചര്‍ച്ചകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ തയ്യാറാകാതെ ത്വരിതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നെന്നാണ് ലേഖനത്തില്‍ ആരോപിക്കുന്നത്.