തിരുവനന്തപുരം: പുരുഷന്‍മാരെ വശീകരിച്ച് നഗ്‌ന ഫോട്ടോയെടുത്ത് ബ്‌ളാക്ക് മെയിലിംഗിലൂടെ ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴുപേര്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായി.
കുമാരപുരം , ആറ്റിങ്ങല്‍ ,കൊല്ലം സ്വദേശികളാണ് പിടിയിലായവര്‍. കൊല്ലം സ്വദേശിയായ വികാസ് ഭവന്‍ സര്‍ക്കാര്‍ ജീവനക്കാരനെ നഗ്നയായ സ്ത്രീക്കൊപ്പം വിവസ്ത്രനാക്കി നിറുത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
കുമാരപുരത്തിന് സമീപത്തെ വാടക വീട്ടില്‍ വിളിച്ചു വരുത്തി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിവരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ അറിയിച്ച് സംഘത്തെ കുടുക്കിയത്.
പൊലീസ് കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍, കഴക്കൂട്ടം അസി.കമ്മിഷണര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കൊല്ലം സ്വദേശികളായ യുവതികള്‍ ട്രെയിനില്‍ വച്ചാണ് വികാസ് ഭവന്‍ ജീവനക്കാരനെ പരിചയപ്പെട്ടത്.
പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച ശേഷം ഇയാളെ നഗ്‌നനാക്കി ഇവര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്തശേഷം അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു.
അഞ്ചുലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചതോടെ നഗ്‌ന ഫോട്ടോകള്‍ വാട്‌സ് ആപ്പ് വഴിയും ഫേസ് ബുക്ക് വഴിയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ഇല്ലെന്ന് അറിയിച്ചതോടെ സംഘം പഴ്‌സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു.
തുടര്‍ന്ന് നാലു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പുറത്തു പോകാന്‍ അനുവദിക്കില്ലെന്നായി. ഇതോടെ ബന്ധുവിനെയും സുഹൃത്തിനെയും ബന്ധപ്പെട്ട് പണം തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
അത് ഉടന്‍ വേണമെന്ന് പറഞ്ഞതോടെ അവര്‍ വിശദാംശങ്ങള്‍ ചോദിച്ചു. അതോടെ തട്ടിപ്പിന്റെ കാര്യങ്ങള്‍ സൂചിപ്പിച്ചു. അവര്‍ പൊലീസിനെ അറിയിച്ചശേഷം പണം നല്‍കാമെന്ന് തിരിച്ചുവിളിച്ച് അറിയിച്ചു.
ഇതിനായി സംഘത്തിലെ രണ്ടുപേരോട് വികാസ് ഭവനില്‍ എത്താനും ആവശ്യപ്പെട്ടു. അവര്‍ അവിടെ എത്തിയതോടെ പിടികൂടുകയായിരുന്നു. അവരുമായി തിരിച്ച് കുമാരപുരത്തെ ഫ്‌ളാറ്റിലെത്തി മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തു.
സംഘത്തിലെ രണ്ടുപേരെകൂടി പിടികൂടാനുള്ളതായാണ് വിവരം. എക്‌സിക്യുട്ടീവ് സ്‌റ്റൈലില്‍ വേഷവിധാനം ചെയ്ത് നടക്കുന്ന ഇവര്‍ സമാന രീതിയില്‍ നിരവധി പേരെ തട്ടിപ്പിന് വിധേയരാക്കിയതായി സൂചനയുണ്ട്. അറസ്റ്റിലായവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.