kollam collectorate blast; inquiry report

കൊല്ലം: കഴിഞ്ഞ മാസം കൊല്ലം കലക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ നിരോധിത ഭീകരസംഘടനയായ അല്‍ഉമ്മയെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അല്‍ഉമ്മ തലവനാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.

ആന്ധ്രപേദേശിലെ ചിറ്റൂര്‍ കോടതിവളപ്പില്‍ നടന്ന സ്‌ഫോടനത്തിനുപയോഗിച്ച അതേ സീരീസിലുള്ള ബാറ്ററികളാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനത്തിനുപയോഗിച്ച ബോംബിലും ഘടിപ്പിച്ചിരുന്നത്. ഈ ബാറ്ററികള്‍ ആന്ധ്രയില്‍നിന്നു വാങ്ങിയതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

1998 ലുണ്ടായ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പരയെത്തുടര്‍ന്നു നിരോധിക്കപ്പെട്ട അല്‍ഉമ്മ ഇപ്പോള്‍ ദ ബേസ് മൂവ്‌മെന്റ് എന്ന പേരിലാണു പ്രവര്‍ത്തിക്കുന്നത്. ഈ വിവരങ്ങള്‍ ആന്ധ്രപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡിനു പ്രത്യേക അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. 1993 ല്‍ തമിഴ്‌നാട്ടിലാണു അല്‍ഉമ്മ സംഘടന രൂപീകൃതമായത്. സയദ് അഹമ്മദ് ബാഷയായിരുന്നു സ്ഥാപകന്‍. ദക്ഷിണേന്ത്യ ആസ്ഥാനമാക്കിയാണു സംഘടനയുടെ പ്രവര്‍ത്തനം.

കഴിഞ്ഞ മാസം 15ാം തീയതിയാണു കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പില്‍ സ്‌ഫോടനമുണ്ടായത്. രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലേബര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Top