ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം; അനുകൂലിച്ച് 97 ശതമാനം പേര്‍ രംഗത്ത്

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ ചൈനീസ് കടന്നുകയറ്റവും 20 സൈനികരുടെ വീരമൃത്യവും ഇന്ത്യക്കാര്‍ക്കിടയില്‍ ശക്തമായ ചൈനീസ് വിരുദ്ധത ഉണ്ടാക്കിയെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലം. ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഭൂരിഭാഗം ആളുകളും താല്‍പര്യപ്പെടുന്നതായാണ് സര്‍വേ വ്യക്തമാക്കുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ ലൈന്‍ സ്ഥാപനമാണ് സര്‍വേ നടത്തിയത്.

235 ജില്ലകളിലായി പൗരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 32,000 പേരില്‍നിന്ന് പ്രതികരണം ലഭിച്ചതായി ലോക്കല്‍ സര്‍ക്കിള്‍സ് അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനീസ് ഉത്പനങ്ങള്‍ വാങ്ങുന്നത് ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തോട് 8,000 പേരാണ് പ്രതികരിച്ചത്. ഇതില്‍ 87% പേരും ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചത്.

ഷവോമി, ഒപ്പോ, വിവോ, വണ്‍ പ്ലസ്, ക്ലബ് ഫാക്ടറി, അലി എക്‌സ്പ്രസ്, ഷെയ്ന്‍, ടിക് ടോക്, വീ ചാറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കാന്‍ തയാറാണോയെന്ന ചോദ്യത്തോട് 58% പേര്‍ ഇപ്പോള്‍ മുതല്‍ വാങ്ങില്ലെന്നും 39% പേര്‍ ഇപ്പോഴുള്ളത് ഉപയോഗിക്കുമെന്നും ഇനി വാങ്ങില്ലെന്നും മറുപടി നല്‍കി. അതായത് 97% പേര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ്ഡ് ഇന്‍ ചൈന ഉല്‍പ്പന്നങ്ങള്‍ക്ക് 200% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തണോയെന്ന ചോദ്യത്തോട് 42% പേരാണ് വേണം എന്ന് പ്രതികരിച്ചത് . എന്നാല്‍ 36% പേര്‍ അസംസ്‌കൃത വസ്തുക്കളുടെ പുറത്ത് നികുതി ചുമത്തേണ്ടെന്ന അഭിപ്രായക്കാരാണ്. മറ്റുള്ള ഇറക്കുമതിക്കു ചുമത്താമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇറക്കുമതിക്കു നികുതി ചുമത്തേണ്ടെന്നാണ് 20% പേരുടെ മറുപടി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 200% നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചൈനയ്ക്കുമേല്‍ ഈ നികുതി ഏര്‍പ്പെടുത്തുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ്, സിആര്‍എസ്, സിഡിഎസ്സിഒ, എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കേഷനുകള്‍ നിര്‍ബന്ധമാക്കണമെന്ന് 90% പേരും അഭിപ്രായപ്പെട്ടു. സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന് 5% പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം സൂറത്തില്‍ ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ചൈനാവിരുദ്ധ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ രാജ്യത്ത് ശക്തമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജമ്മുവിലും കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു.

Top