ബീജിങ്: ഇന്ത്യയില്‍ നിന്നും മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്.
സംഭവത്തില്‍ ഇന്ത്യ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം തടഞ്ഞതിലുള്ള പ്രതികാരമായാണ് ഇന്ത്യയുടെ നടപടിയെ ചൈനയിലെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഇന്ത്യയുടെ കടുത്ത ദേശീയതയും മാധ്യമപ്രവര്‍ത്തകരുടെ പുറത്താകലിന് കാരണമായെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലിയുമായി ബന്ധമുള്ള ഗ്ലോബല്‍ ടൈംസ് ആണ് വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.
എന്‍എസ്ജി അംഗത്വം തടഞ്ഞതിലുള്ള പ്രതികാരമാണ് ഇന്ത്യയുടേതെങ്കില്‍ അതിന് കടുത്ത പ്രത്യഘാതങ്ങള്‍ നേരിടേണ്ടിവരും. അടുത്ത കാലത്തായി ഇന്ത്യന്‍ സമൂഹം കടുത്ത ദേശീയതയാണ് പ്രകടിപ്പിച്ചു വരുന്നത്. പത്രം പറയുന്നു.
ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ എക്കാലത്തും ഇന്ത്യയില്‍ കനത്ത വെല്ലുവിളി നേരിട്ടിട്ടുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു. അതേസമയം ചൈനീസ് സര്‍ക്കാര്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ശനിയാഴ്ചയാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയുടെ ദില്ലി ബ്യൂറോ ചീഫ് ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ പുറത്താക്കിയത്. വു കിയാങ്, ടാങ് ലു, ഷി യൊഗാങ് എന്നിവരെയാണ് പുറത്താക്കിയത്.
ഇവരുടെ വിസ റദ്ദാക്കിയ അധികൃതര്‍ ഈ മാസം 31 ന് മുന്‍പ് രാജ്യം വിട്ടുപോകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.