Barkha Dutt’s Rant Against Arnab Goswami Has Split Twitter Down The Middle

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കാല സഹപ്രവര്‍ത്തകയും എന്‍ഡിടിവി കണ്‍സല്‍ട്ടന്റ് എഡിറ്ററുമായ ബര്‍ക്ക ദത്ത്.

സര്‍ക്കാരിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് അര്‍ണാബ് ശ്രമിക്കുന്നതെന്നും, അര്‍ണാബിന്റെ നിലപാടുകളെ എന്നെങ്കിലും അംഗീകരിക്കേണ്ടി വന്നാല്‍ അത് സ്വയം കൊല്ലുന്നതിന് തുല്യമാണെന്നും ബര്‍ക്കാ ദത്ത് തുറന്നടിച്ചു.

ബര്‍ക്കാ ദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ

”മാധ്യമങ്ങളുടെ വായ അടച്ചു പൂട്ടാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനുമാണ് ടൈംസ് നൗ ചാനല്‍ ശ്രമിക്കുന്നത്. അര്‍ണാബിനെ പോലെയുള്ളവര്‍ക്കൊപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ എനിക്ക് അപമാനം തോന്നുന്നു. അര്‍ണാബിന്റെ ഭീരുത്വം നിറഞ്ഞതും നാണം കെട്ടതുമായ വ്യക്തിത്വത്തില്‍ എന്താണ് ഇത്രകണ്ട് ആകര്‍ഷകമായുള്ളത് ?

”പാക് അനുകൂല നിലപാടുകള്‍” ഉള്ളവരെ കടന്നാക്രമിക്കുന്ന അര്‍ണാബ് ഗോസ്വാമി പാകിസ്താനുമായും ഹുറിയത്ത് കോണ്‍ഫറന്‍സുമായും ചര്‍ച്ചകള്‍ നടത്തുന്ന ജമ്മു കാശ്മീരിലെ ബിജെപിപിഡിപി സഖ്യത്തെക്കുറിച്ച് എന്താണ് മൗനിയാക്കുന്നത്.

മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഞാനൊന്നും ചോദിക്കുന്നില്ല, എന്നാല്‍ രാജ്യസ്‌നേഹം അളന്നെടുത്ത സംസാരിക്കുന്ന അര്‍ണാബ് സര്‍ക്കാരിന്റെ ഇരട്ടനിലപാടുകളില്‍ എന്ത് കൊണ്ടാണ് ഇത്ര കണ്ട് നിശബ്ദത പാലിക്കുന്നത്.

ഒന്നു ചിന്തിച്ചു നോക്കൂ, ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ മാധ്യമങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നു. അവരെ ഐഎസ്‌ഐ ഏജന്റുമാരായും തീവ്രവാദത്തെ അനുകൂലിക്കുന്നവരുമായും ചിത്രീകരിക്കുന്നു. അവരെ ശിക്ഷിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇതെല്ലാം കണ്ട് നമ്മുടെ മാധ്യമസമൂഹം ഭീരുക്കളെ പോലെ നിശബ്ദമായിരിക്കുന്നു.

എന്തായാലും ഞാനൊരു തൊട്ടാവാടിയല്ല മിസ്റ്റര്‍.ഗോസ്വാമി. പ്രത്യക്ഷമായും പരോക്ഷമായും എന്റെ പേര് നിങ്ങളുടെ ഷോയിലേക്ക് വലിച്ചിട്ട് ചര്‍ച്ച ചെയ്താലൊന്നും ഒരു കാര്യവുമില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ വകവയ്ക്കുന്നില്ല.

നിങ്ങള്‍ എന്നും വെറുക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വക്താവായിരിക്കും ഞാന്‍. ഏന്തെങ്കിലുമൊരു വിഷയത്തില്‍ നിങ്ങളുടെ നിലപാടുകളെ എനിക്ക് അംഗീകരിക്കേണ്ടി വന്നാല്‍ അത് ഞാന്‍ എന്നെ തന്നെ കൊല്ലുന്നതിന് തുല്യമായിരിക്കും. ”

കപട മതേതരപാക് അനുകൂല നിലപാടുള്ള മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജൂലൈ 26ന് നടന്ന ന്യൂസ് അൗവര്‍ ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ഗോസ്വാമി പറഞ്ഞിരുന്നു. ഇതായിരിക്കാം ബര്‍ക്കയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുഖ്യവാര്‍ത്ത അവതാരകനുമായ അര്‍ണാബ് ഗോസ്വാമി അക്രമണോത്സുകമായ വാര്‍ത്ത അവതരണത്തിന്റെ ഇന്ത്യന്‍ മുഖമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Top