പൗരത്വ നിയമ പ്രതിഷേധം: യുപിയില്‍ അറസ്റ്റിലായത് 879 പേര്‍; 5000 പേര്‍ കരുതല്‍ തടങ്കലില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ 879 പേര്‍ അറസ്റ്റിലായതായി ഡിജിപി ഒ.പി.സിങ് അറിയിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതുള്‍പ്പടെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയ 5000 പേരെ കരുതല്‍ തടങ്കിലിലാക്കിയതായും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രക്ഷോഭത്തില്‍ ഇത് വരെ 15 പേര്‍ കൊല്ലപ്പെട്ടു. 135 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 288 പോലീസുകാര്‍ക്ക് പ്രക്ഷോഭത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സമുദായ നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്രമീകരണം ശക്തിപ്പെടുത്തി. പോലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ക്വിക്ക് റിയാക്ഷന്‍ ടീം എന്നിവര്‍ പ്രശ്നബാധിത മേഖലകളില്‍ പട്രോളിങ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പട്ട കണക്കെടുപ്പുകള്‍ നടന്നുവരികയാണ്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അല്ലെങ്കില്‍ അവരുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.

 

Top