ന്യൂഡല്‍ഹി: ആം ആദ്മി എംപി ഭഗവന്ത് സിങ് മന്നിനെ റിഹാബിറ്റേഷന്‍ സെന്ററിലേക്ക് അയക്കണമെന്ന് എംപിമാര്‍ ലോക്‌സഭ സ്പീക്കറോട് ആവശ്യപ്പെട്ടു.
ഭഗവന്ത് സിങ് മദ്യപിച്ച് ലോക്‌സഭയിലെത്തുന്നുവെന്ന് പരാതിയുണ്ടായിരുന്നു.
ശിരോമണി അകാലിദള്‍ എംപി പ്രേം സിംങ് ചന്ദുമജ്ര, ബി.ജെ.പി. എംപി മഹീഷ് ഗിരി, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി ഹരീന്ദര്‍ സിങ് ഖല്‍സ എന്നിവരാണ് സ്പീക്കര്‍ സുമിത്ര മഹാജന് ഭഗവന്തിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
ഇതിന്റെ ചിലവ് ലോക്‌സഭ വഹിക്കണമെന്നും അവിടെ നിന്ന് നല്ലരീതിയില്‍ തിരിച്ചെത്തിയാല്‍ മാത്രം ലോക്‌സഭ നടപടികളില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഭഗവന്തിനെതിരായ ആരോപണം ഉയര്‍ത്തികൊണ്ട് വരുന്നത് പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ സാനിധ്യത്തെ തടയിടാനാണെന്നാണ് കരുതുന്നത്.
പാര്‍ലമെന്റിലെ സുരക്ഷാ സന്നാഹങ്ങളുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്ത സംഭവത്തിലും ഭഗവന്ത് വിവാദത്തില്‍പ്പെട്ടിരുന്നു.
ഭഗവന്തിന്റെ പ്രവൃത്തി പാര്‍ലമെന്റിലെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് സംഭവം അന്വേഷിച്ച ഒമ്പതംഗ പാര്‍ലമെന്റ് സമിതി കണ്ടെത്തിയിട്ടുണ്ട്.