ബംഗളുരു: ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന് രണ്ടാം ക്ലാസുകാരിയെ ട്യൂഷന്‍ മാസ്റ്റര്‍ ബെല്‍റ്റ് കൊണ്ട് അടിച്ചു. ലെതര്‍ ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് മാരകമായ മുറിവുകള്‍ ഉണ്ട്. ചൊവ്വാഴ്ചയാണ് ക്രൂരമായ ഈ കൃത്യം അരങ്ങേറിയത്.
ബംഗളുരുവിലെ നിലമംഗലയിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് ഏഴ് വയസുള്ള കുട്ടി പഠിക്കുന്നത്. ചൊവ്വാഴ്ച ട്യൂഷനെത്തിയ കുട്ടി ഹോം വര്‍ക്ക് ചെയ്യാതിരുന്നതിനാല്‍ അധ്യാപകന്‍ ബെല്‍റ്റ് കൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി ഈ അധ്യാപകന്റെ അടുത്ത് ട്യൂഷന് പോകുന്നുണ്ട്.
വീട്ടിലെത്തിയ കുട്ടിയുടെ പുറത്ത് മുഴുവന്‍ പാടുകള്‍ കണ്ട അച്ഛന്‍ കാര്യം ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി പ്രൈവറ്റ് ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ് ആരോപണവിധേയനായ അധ്യാപകന്‍.