ഡൽഹിയിൽ 89 വാക്സിൻ കേന്ദ്രങ്ങൾ; പത്തു കോടി കൊവിഷീൽഡ് ഡോസിന് കരാറുണ്ടാക്കും

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ 89 വാക്സിൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുക. 53 സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ നൽകും. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾക്ക് തുടക്കത്തിൽ കൂടുതൽ വാക്സിൻ നൽകാനാണ് ധാരണയായിരിക്കുന്നത്. പത്തു കോടി കൊവിഷീൽഡ് ഡോസിന് കേന്ദ്രം സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറുണ്ടാക്കും. വിമാനമാർഗം വാക്സിൻ നാളെ മുതൽ പ്രധാനസംഭരണശാലകളിലെത്തിച്ചു തുടങ്ങും.

രാജ്യത്തെ നാലു പ്രധാന സംഭരണ ശാലകളിൽ വാക്സിൻ എത്തിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടം നാല് ദിവസത്തിൽ പൂർത്തിയാകും. രോഗം എവിടെ പടരുന്നു എന്നത് നിരീക്ഷിച്ച് വാക്സിൻ വിതരണം നടപ്പാക്കാനാണ് തീരുമാനം. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഈ സാഹചര്യത്തിൽ പരിഗണന കിട്ടും. ജില്ലാ കളക്ടർമാർക്കാവും കുത്തിവയ്പ് കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ചുമതല. തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക ഉപയോഗിച്ചാവും 50 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നടപ്പാക്കുക.

ആദ്യ ഘട്ടത്തിൽ കൊവിഷീൽഡ് ആവും പ്രധാനമായി ഉപയോഗിക്കുക. ആവശ്യത്തിനുള്ള കൊവാക്സിൻ ഡോസിനും കരാർ നല്കും. മരുന്ന് വിതരണത്തിന് തയ്യാറാക്കിയ കൊ വിൻ അപ്ളിക്കേഷനിൽ 76 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. നാളെ സംസ്ഥാനങ്ങളുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം വാക്സീൻ വിതരണത്തിനുള്ള വിശദമായ ബ്ളൂപ്രിൻറ് കേന്ദ്രം പുറത്ത് വിടും.

Top