ന്യൂഡല്‍ഹി: പാകിസ്താനില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗം ചിത്രീകരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദൂരദര്‍ശന്‍, വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐ, എ.എന്‍.ഐ എന്നിവയുടെ ലേഖകരെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് പാകിസ്താന്‍ സര്‍ക്കാര്‍ വിലക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പി.ടി.വി പ്രസംഗം സംപ്രേഷണം ചെയ്യാതിരുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. സാര്‍ക്ക് സമ്മേളനങ്ങളിലെ നടപടിക്രമങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് വിവരങ്ങള്‍ ആരായും.
പാകിസ്താന്‍ ആഭ്യന്തരമന്ത്രിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു.
പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ ആത്മാര്‍ഥതയോടെയല്ല വിരുന്നിന് ക്ഷണിച്ചത്. സാര്‍ക്ക് സമ്മേളനം കഴിഞ്ഞയുടന്‍ എല്ലാവരെയും വിരുന്നിന് ക്ഷണിച്ചശേഷം പാക് ആഭ്യന്തരമന്ത്രി കാറില്‍ കയറി സ്ഥലംവിട്ടു.
അത്താഴവിരുന്നില്‍ പങ്കെടുക്കാനല്ല പാകിസ്താനില്‍ എത്തിയത് എന്നതിനാല്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
സാര്‍ക്ക് സമ്മേളനത്തില്‍ രാജ്‌നാഥ്‌സിങ് നടത്തിയ പ്രസംഗം പാകിസ്താന്‍ ബോധപൂര്‍വം തമസ്‌കരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു.
സാര്‍ക്ക് സമ്മേളനങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ് പാകിസ്താന്‍ ചെയ്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.