കറാച്ചി: പാകിസ്താനില്‍ തെരുവുനായ ശല്യം രൂക്ഷമായ കറാച്ചിയില്‍ നൂറുകണക്കിന് തെരുവു നായ്ക്കളെ കൊന്നൊടുക്കി.
തെരുവ് നായ്കളുടെ എണ്ണം പെരുകിയതോടെയാണ് കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. വര്‍ഷം തോറും ആയിരകണക്കിന് ആളുകള്‍ക്കാണ് കറാച്ചിയില്‍ നായ്ക്കളുടെ കടിയേല്‍ക്കുന്നത്.
തെക്കന്‍ കറാച്ചിയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് മാത്രം രണ്ട് ദിവസത്തിനുള്ളില്‍ 700 നായ്കളെയാണ് കൊന്നൊടുക്കിയത്.
ആറ് നഗര ജില്ലകളിലായി ആയിരക്കണക്കിന് നായ്കളെയാണ് ഇതിനോടകം വിഷഗുളികകള്‍ നല്‍കി കൊന്നത്.
തെരുവുനായ ഉന്മൂലനത്തില്‍ ഇതുവരെ എത്ര നായ്കളെ കൊന്നുവെന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഗുളിക നല്‍കി കൊന്ന നായ്കളെ മുന്‍സിപാലിറ്റി തൊഴിലാളികള്‍ എത്തി നീക്കം ചെയ്യുന്ന പ്രക്രിയ നടന്നുവരുന്നു. കോഴിയിറച്ചിയില്‍ വിഷഗുളിക ചേര്‍ത്താണ് നായ്കളെ കൊല്ലുന്നത്.
തെരുവുനായ്ക്കളെ കൊല്ലുന്ന പദ്ധതി ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാകും. നഗരവാസികള്‍ക്ക് ഭീഷണിയായതോടെയാണ് അധികൃതര്‍ ഇവയെ കൊല്ലാന്‍ തീരുമാനിച്ചത്.
എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ഈ നടപടിക്കെതിരെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തെരുവുനായ്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ 6,500 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം കറാച്ചിയിലെ ജിന്നാ ആസ്പത്രിയില്‍ ചികിത്സ തേടിയത്.
ഈ വര്‍ഷം ഇതുവരെ 3,700 പേര്‍ തെരുവു നായ്കളുടെ ആക്രമണത്തില്‍ ചികിത്സ തേടി കഴിഞ്ഞു.