airtel 4G service in new 200 cities in kerala

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെലിന്റെ 4ജി സേവനം ഇപ്പോള്‍ കേരളത്തിലെ 200 നഗരങ്ങളില്‍. ചാലക്കുടി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പുതുതായി സേവനം എത്തിയിരിക്കുന്നത്.

ഇതോടെ ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ഫോണുകള്‍, 4ജി ഹോട്‌സ്‌പോട്ടുകള്‍, ഡോങ്കിളുകള്‍ എന്നിവയിലൂടെ തടസ്സമില്ലാത്ത എച്ച്ഡി വിഡിയോ സ്ട്രീമിങ് ആസ്വദിക്കാനും അതിവേഗത്തില്‍ സിനിമകള്‍, സംഗീതം, ചിത്രങ്ങള്‍ എന്നിവ അപ്‌ലോഡിങ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

കൂടാതെ ഡാറ്റാ ലഭ്യത വര്‍ധിപ്പിച്ചുകൊണ്ട് പ്രീപെയ്ഡ് ഡാറ്റാ താരിഫ് നിരക്കില്‍ കമ്പനി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുക്കിയ ഡാറ്റാ ഇളവുകള്‍ അനുസരിച്ച് 348 രൂപയുടെ പ്രതിമാസ 4ജി/3ജി റീചാര്‍ജ് പാക്കില്‍ നിലവിലെ രണ്ടു ജിബിക്കു പകരം ഇനി അഞ്ചു ജിബി ലഭിക്കും. 33 ശതമാനം വര്‍ധന.

അതുപോലെ തന്നെ 177 രൂപയുടെ 4ജി/3ജി പാക്കില്‍ ഇനി 40 ശതമാതനം അധിക ഡാറ്റാ ലഭിക്കും. നിലവിലെ 500 എംബിക്കു പകരം 700 എംബിയാകും. 225 രൂപയുടെ 4ജി/3ജി പാക്കില്‍ 29 ശതമാനം വര്‍ധനയോടെ 700 എംബിക്കു പകരം 900 എംബി ലഭിക്കും. ചെറിയ പാക്കേജുകളിലും കാര്യമായ നേട്ടങ്ങളാണ് ലഭിക്കുക.

51 രൂപയുടെ 2ജി പാക്കില്‍ 50 ശതമാനം വര്‍ധനയോടെ നിലവിലെ 200 എംബിക്കു പകരം 300 എംബി ഡാറ്റാ ലഭിക്കും. 122 രൂപയുടെ 4ജി/3ജി പാക്കില്‍ ഇനി 39 ശതമാനം അധിക ഡാറ്റാ ലഭ്യമാകും. ഡാറ്റാ അളവ് നിലവിലെ 360 എംബിയില്‍ നിന്നും 500 എംബിയായി വര്‍ധിക്കും.

വരിക്കാര്‍ക്ക് മൊബൈലില്‍ മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും പുതുക്കിയ ഡാറ്റാ പാക്ക് ഉപയോഗം വര്‍ധിപ്പിക്കുമെന്നും മൊബൈല്‍ ഇന്റര്‍നെറ്റിന് കുതിപ്പേകുമെന്നും ഭാരതി എയര്‍ടെല്‍ ഓപറേഷന്‍സ് (ഇന്ത്യദക്ഷിണേഷ്യ) ഡയറക്ടര്‍ അജയ് പൂരി പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിലെ വര്‍ധനയും എയര്‍ടെല്‍ ഡാറ്റാ നെറ്റ്‌വര്‍ക്കുകളുടെ അധിക ലഭ്യതയും വഴി ഓണ്‍ലൈനിലേക്ക് പുതുമുഖങ്ങളെ ആകര്‍ഷിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അദേഹം പറഞ്ഞു.

2015 ഓഗസ്റ്റില്‍ തുടക്കമിട്ട കേരളത്തിലെ എയര്‍ടെല്‍ 4ജി സേവനം ഒരു വര്‍ഷത്തിനകം 200 പട്ടണങ്ങളിലേയ്ക്ക് എത്തിക്കാനായെന്നും ചാലക്കുടി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മുന്‍പെങ്ങുമില്ലാത്തവിധം മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഭാരതി എയര്‍ടെല്‍ കേരള തമിഴ്‌നാട് ഹബ് സിഇഓ ജോര്‍ജ് മാത്തന്‍ പറഞ്ഞു.

2012 ഏപ്രിലില്‍ കൊല്‍ക്കത്തയില്‍ സേവനം ലഭ്യമാക്കിക്കൊണ്ട് എയര്‍ടെലായിരുന്നു രാജ്യത്താദ്യമായി 4ജി സേവനത്തിന് തുടക്കമിട്ടത്. 2016 ഫെബ്രുവരിയില്‍ 135 എംബിപിഎസ് വരെ വേഗത ലഭ്യമാക്കുന്ന രാജ്യത്തെ പ്രഥമ വാണിജ്യ എല്‍ടിഇ അഡ്വാന്‍സ്ഡ് (4ജി പ്ലസ്) നെറ്റ്‌വര്‍ക്കിനും കേരളത്തില്‍ തുടക്കമിട്ടു.

Top